പോലീസിനെക്കാള്‍ വിശ്വാസം പാര്‍ട്ടി അന്വേഷണത്തെ; ആകാശ് തില്ലങ്കേരിയുടെ പിതാവ്

മട്ടന്നൂര്‍ ശുഹൈബ് കൊലക്കേസില്‍ പൊലീസിനേക്കാൾ വിശ്വാസം പാർട്ടിയുടെ അന്വേഷണത്തിലാണെന്ന നിലപാടുമായി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവ്. പാർട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ലെന്നും, കുറ്റക്കാരനാണെന്ന് പാർട്ടി പറഞ്ഞാൽ അംഗീകരിക്കുമെന്നും പിതാവ് വഞ്ഞേരി രവി പറഞ്ഞു. അതേസമയം കേസിൽ അന്വേഷണ വിവരങ്ങൾ ചോരുന്നതിൽ പൊലീസിനകത്ത് തർക്കം രൂക്ഷമാണ്. പൊലീസിനെതിരെ കെ സുധാകരന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.

പൊലീസിനേക്കാൾ പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും, പിന്നീട് ഗൗരവം തിരിച്ചറിഞ്ഞ് സംസ്ഥാന സെക്രട്ടറി തന്നെ ഇടപെട്ട് തിരുത്തുകയും അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ അന്വേഷണം പൊലീസിനേക്കാൾ കാര്യക്ഷമമായിരിക്കുമെന്ന ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ നിലപാട്. പാര്‍ട്ടി വസ്തുനിഷ്ഠമായി അന്വേഷിക്കും. പറയാനുള്ളത് അവിടെ പറയും. കുറ്റക്കാരനാണെങ്കില്‍ പാര്‍ട്ടി നടപടിയെടുത്തുകൊള്ളുമെന്നും അദ്ദേഹം പറയുന്നു. പാർട്ടി പറഞ്ഞത് അംഗീകരിക്കും. മാധ്യമങ്ങളും പ്രതിപക്ഷവും പ്രതിരോധത്തിലാക്കിയതോടെ, കൊലയിൽ ആകാശിന് പങ്കില്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും പാർട്ടിക്ക് സഹായിക്കാനാകാതെ പോയെന്നും വഞ്ഞേരി രവി പറഞ്ഞു.

കേസിൽ അറസ്റ്റിലായ രണ്ടുപേരിൽ നിന്ന് കൂടുതൽ കണ്ടെത്തലുകളിലേക്ക് പോകാൻ പൊലീസിനായിട്ടില്ല. കർശന നിർദേശമുണ്ടായിട്ടും വിവരങ്ങൾ ചോരുന്നതിൽ പൊലീസിനകത്ത് തർക്കം രൂക്ഷമാണ്. മാധ്യമങ്ങളോട് വരെ അകലം പാലിക്കണമെന്ന നിർദേശമാണ് നിലവിലുള്ളത്. അതേസമയം കെ സുധാകരന്റെ നിരാഹാര സമരത്തിന്റെ ഗതി, 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തോടെ നിർണ്ണയിക്കപ്പെടും. സമരം വ്യാപിപ്പിക്കാനാകും കോൺഗ്രസ് നീക്കം.

error: Content is protected !!