തെങ്ങ് കയറുന്ന വിശ്വാസം.

സുർജിത്ത് നാലുകെട്ടിൽ.
ന്യൂസ്‌ വിങ്ങ്സ്.

കണ്ണൂര്‍ അഴീക്കോട്ടെ കഴിഞ്ഞ വർഷത്തെ കളിയാട്ടം നേരിട്ടു കണ്ട ആർക്കും തന്നെ മറക്കാനാവുന്നതല്ല. തെങ്ങിൻ മുകളിൽ നിന്നും കൈവിട്ട് തെയ്യം താഴേക്ക് പതിച്ചത്. ഇന്നും നടുങ്ങുന്ന ഓർമ്മയാണ് കാഴ്ചക്കാരുടെ ഉള്ളിൽ കിടന്ന് പിടയുന്നത്. അതിന്റെ ബാക്കിപത്രമാവുമോ എന്ന ഭീകര ചിന്തയിലാണ് ഇത്തവണ ഏവരും തെയ്യത്തിനെത്തിയത്. അതു കൊണ്ട് തന്നെയാവും കഴിഞ്ഞ തവണത്തെതു പോലെ ഇത്തവണ തെയ്യത്തെ അസഭ്യം പറഞ്ഞ് പ്രകോപിപ്പിക്കുകയോ ആചാരപരമല്ലാത്ത മറ്റ് കാര്യങ്ങളൊന്നും നടക്കാഞ്ഞത്. ഈയൊരു തിരിച്ചറിവാണ് എല്ലാ തെയ്യപ്രേമികൾക്കും കാഴ്ചക്കാർക്കും ഉണ്ടാകേണ്ടത്. തെയ്യമെന്നുള്ളത് അനുഷ്ഠാന കലയാണെന്നും ആവിഷ്കരണ കലയല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവണം.

തെയ്യപ്രേമികളുടെ ഇഷ്ടതാരമാണ് ബപ്പിരിയൻ തെയ്യം. കേരളത്തിന്റെ വടക്കൻ ജില്ലകളിലെ നാനാതുറകളിൽ നിന്നും എല്ലാ വർഷവും ബപ്പിരിയൻ തെയ്യം കാണാൻ തെയ്യപ്രേമികൾ ശ്രീ മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്.മെയ് വഴക്കവും ശക്തമായ ചുവടുകളുമായി ബപ്പിരിയൻ തെയ്യം കളിയാട്ട മുറ്റത്തെത്തും.ബപ്പിരിയൻ നടയിലേക്ക് അൽപ്പസമയം നോക്കി നിന്ന ശേഷം പിന്നെ ഒരോട്ടം ആണ്. അസ്ത്ര വേഗം കണക്കെ കാവിനെ വലം വച്ച് തന്നെ കാത്തിരിക്കുന്ന കുസൃതികളായ കുഞ്ഞു മക്കളുടെയും പുരുഷാരത്തിന്റെയും ഇടയിലേക്ക്.

തെളിഞ്ഞു കത്തുന്ന ഓലച്ചൂട്ടുകളുടെ വെളിച്ചത്തിൽ ബപ്പിരിയനും കൂട്ടരും അകലെ വയലിലേക്ക് ഓടി മറയും. ദൂരെ നിന്നും തീപ്പന്തങ്ങൾ കൂരിരുട്ടിനെ കീറിമുറിച്ച് വേഗത്തിൽ നീങ്ങുന്നത് കാണാം. കാവിന്റെ മുറ്റത്ത് ചെണ്ടമേളത്തിന്റെ ശബ്ദ തീവ്രത മുറുകി മുറുകി അതിന്റെ ഉച്ഛസ്ഥായിയിൽ എത്തി നിൽക്കുന്നു. തീപ്പന്തങ്ങൾക്കിടയിലൂടെ ബപ്പിരിയൻ തിരിച്ച് വരികയാണ്. വയൽക്കരയിലെ മൺ വരമ്പുകൾ തെയ്യത്തിന്റെ പാദസ്പർശമേറ്റ് പുളയുന്ന പോലെ.

അന്തരീക്ഷം ചെണ്ടമേളത്താലും “ഗോവിന്ദഗോവിന്ദ ” വിളികളാലും മുകരിതമായി.ബപ്പിരിയൻ എത്തിക്കഴിഞ്ഞു.ഇനി..
ഇനിയാണ് ആ ചടങ്ങ്. ആ ഒരു നിമിഷത്തിനു വേണ്ടിയാണ് ഈ പുരുഷാരവും ബാല്യവും സ്ത്രീ സമൂഹവുമടങ്ങുന്ന നൂറു കണക്കിന് ഭക്തജനങ്ങളും തെയ്യപ്രേമികളും കാത്തു നിൽക്കുന്നത്. വളരെ അപൂർവ്വമായി മാത്രം കാണുന്ന ചടങ്ങ്.

തെയ്യം തെങ്ങിൽ കയറുക. ഉറക്കമിളച്ചിരുന്ന കണ്ണുകൾ മിഴിവിനായി കൂടുതൽ തുറന്നു. ആകാംക്ഷയുടെ നിമിഷങ്ങൾക്ക് അറുതി വരുത്തി കൊണ്ട് കീഴടക്കേണ്ട തെങ്ങിനെ തെയ്യം കണ്ടു പിടിച്ചു. കൂടി നിന്ന കാഴ്ചക്കാരെ കൈ കൊണ്ട് ആംഗ്യം കാട്ടി വെല്ലുവിളിച്ച് ചൊടിപ്പിക്കുകയാണ് തെയ്യം. വാനര സ്വരൂപമായ തെയ്യം ആരവങ്ങളുടെ അകമ്പടിയോടെ കൈയിലും കാലിലും തളിപ്പില്ലാതെ തെങ്ങിൽ ചുവട് വച്ച് ചുവട് വച്ച് കയറി. പാതിയിൽ കാലുകൊണ്ട് ചമ്രം പുറത്ത് കൈകൾ ഇളക്കി വാനരന്റെ അഭ്യാസം തുടർന്നു. ജനസാഗരം ആ കാഴ്ച കണ്ട് സായൂജ്യമടഞ്ഞു.

തെങ്ങിൽ നിന്നുമിറങ്ങിയ തെയ്യത്തെ ഇളനീർ കൊടുത്ത് സഹായികൾ സ്വീകരിച്ചു. പിന്നീടങ്ങോട്ട് തെയ്യത്തിന്റെ ഉറഞ്ഞാട്ടമായിരുന്നു. ഭൂമിയെ പുതച്ച് ഉറങ്ങിയിരുന്ന മൺ തരികൾ പൊടി പടമായ് മുകളിലേക്കുയർന്നു. ഓലച്ചൂട്ടുകൾ കാറ്റിൽ പറന്നു. ആവേശഭരിതരായ ബാല്യകാലം തെയ്യത്തെ പ്രകോപിപ്പിച്ച് തലങ്ങും വിലങ്ങും ഓടിക്കളിച്ചു. എല്ലാവരും ആശ്വാസത്തോടെ ദൈവത്തെ വണങ്ങി.

കഴിഞ്ഞ വർഷത്തെ നടുക്കുന്ന സംഭവത്തിനിപ്പുറം ഈ വർഷം ബപ്പിരിയൻ കോലം ധരിച്ചത് ” മുൻപ് ഇതേ കാവിൽ ബപ്പിരിയൻ തെയ്യം കെട്ടിയാടിയിരുന്ന സൂരജ് പെരുവണ്ണാന്റെ മകനും ,ഷാനു പെരുവണ്ണാന്റെ അനന്തരവനുമായ അശ്വന്ത് എന്ന ബാലനാണ്. കേവലം പതിനാറ് വയസ്സു മാത്രം പ്രായമുള്ള അശ്വന്ത് മറ്റാരും ചെയ്യാൻ മടിക്കുന്ന ബപ്പിരിയാൻ കോലം ധരിക്കുന്നതിന് ദൈര്യം കാണിച്ചത് തന്റെ ഗുരുസ്ഥാനത്തുള്ളവർ നൽകിയ ധൈര്യവും തന്റെ കഴിവിലും ദേവീദേവന്മാർ തന്നെ കൈവിടില്ലെന്നുള്ള വിശ്വാസവും കൊണ്ടാണ്.

കഴിഞ്ഞ വർഷം കൺമുന്നിൽ കണ്ട ആ അപകടത്തിന്റെ നടുക്കം എന്നുള്ളിലവശേഷിക്കേ ” ഇനി ആ കാവിലേക്കില്ല” എന്ന തീരുമാനമെടുത്തതിനിപ്പുറം വളരെ നിനച്ചിരിക്കാതെ അവിടെ തന്നെ വീണ്ടും എത്തപ്പെട്ടത് ഒരു നിയോഗമാകാം. അദൃശ്യമായ ഏതോ ഒരു ശക്തി അവിടെ എത്തിച്ചതാകാം. എന്തായാലും കളിയാട്ടകാവിനോട് വിട ചൊല്ലി തിരിച്ചിറങ്ങുമ്പോൾ കഴിഞ്ഞ വർഷത്തെ ഓർമ്മകൾ അവിടെ ഉപേക്ഷിച്ചു. മനസ്സുനിറയെ പുതിയ കാഴ്ചകളും അടുത്ത വർഷവും ബപ്പിരിയനെ കാണാൻ വരണം എന്നുള്ള ആഗ്രഹത്തോടെയും തിരിച്ച് കുന്നുകയറുമ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ല…….
മനസ്സുനിറയെ ദൈവമായി മാറിയ ആ കൊച്ചു ബാലന്റെ മുഖമായിരുന്നു….
അശ്വന്തിന്റെ…..മുഖം…..

ഫോട്ടോ:സുര്‍ജിത്ത് നാലുകെട്ടില്‍

error: Content is protected !!