ഷുഹൈബ് വധം ദേശീയ രാഷ്ട്രീയത്തിലുയര്‍ത്താന്‍ കോണ്‍ഗ്രസ്; യെച്ചൂരിക്ക് സുധാകരന്‍റെ കത്ത്

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ യഥാര്‍ത്ഥ ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കത്തയച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടതായി അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തില്‍ മാത്രമാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. ലോകത്ത് എവിടെയും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കേരളത്തിലെ നരനായാട്ടുകള്‍ കാണുന്നില്ല. കേരളത്തിലെ പാര്‍ട്ടി ഏതാനും ക്രിമിനലുകളുടെ കൈയിലാണുള്ളത്. വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്ന സന്ദേശം പകരുന്ന കാലത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായി വധിച്ചത്.

കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളേയും പ്രവര്‍ത്തകരേയും നിലയ്ക്കുനിര്‍ത്താന്‍ അഖിലേന്ത്യ നേതൃത്വം തയ്യാറാകണമെന്ന് സുധാകരന്‍ കത്തില്‍ പറയുന്നു.

ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ ഡമ്മികളാണെന്നും സുധാകരന്‍ ആരോപിച്ചു. ബോംബ് എറിഞ്ഞാണ് കൊല നടന്നത്. എസ്.പിയുടെ തീരുമാനം പോലും മറികടന്നാണ് ഇന്നലെ അറസ്റ്റ് നടന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു. ഇരിട്ടി ഡി.വൈ.എസ്.പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അദേഹം ആരോപിച്ചു. ഇതില്‍ മനംമടുത്താണ് എസ്.പി. ലീവില്‍ പോയത്.

പിണറായി വിജയന്റെയും പി.ജയരാജന്റെയും സന്തതസഹചാരിയാണ് കേസില്‍ പിടിയിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊലപാതകത്തെക്കുറിച്ച് പി.ജയരാജന് അറിവില്ലായിരുന്നു എന്ന് കരുതാനാവില്ല. വിഷയത്തില്‍ കോടിയേരിയും പിണറായി വിജയനും രണ്ട് തട്ടിലാണ്. ഷുഹൈബിന്റെ കൊലപാതകത്തോടെ സി.പി.എം ദുര്‍ബലമായിരിക്കുകയാണെന്നും സുധാകരന്‍ അറിയിച്ചു.

error: Content is protected !!