ശുഹൈബ് വധം; പോലീസില്‍ ചേരി തിരിവ്, അന്വേഷണ വിവരങ്ങള്‍ ചോരുന്നതായി കണ്ണൂര്‍ എസ്പി

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂര്‍ എസ്.പി ജി.ശിവവിക്രം. അന്വേഷണ സംഘത്തിലുള്ളവര്‍ റെയ്ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ഡിജിപി, ഉത്തരമേഖാ എഡിജിപി, ഐജി എന്നിവരെ അറിയിച്ചു. ഇത്തരക്കാര്‍ ‘അണ്‍പ്രഫഷനല്‍’ എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിലപാടെടുത്തു.

കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് വധം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. കാണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷിക്കും.

ഡിസിസി പ്രസിഡന്റ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേസ് താന്‍ നേരിട്ട് വീക്ഷിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും പുതിയ അന്വേഷണസംഘം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെത്തി അന്വേഷണം നേരിട്ട് വിലയിരുത്തുമെന്നും അദേഹം പറഞ്ഞു.

ഷുഹൈബ് വധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. ഇരിട്ടി ഡി.വൈ.എസ്.പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതില്‍ മനംമടുത്താണ് എസ്.പി. ലീവില്‍ പോയതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. എസ്.പി. ലീവില്‍ പോയത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രി കൊലപാതകത്തെ അപലപിച്ചത് ആത്മാര്‍ത്ഥതയില്ലാതെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ സുധാരകരന്‍ നിരാഹാര സമരം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസസമരവും ഇന്നു മുതല്‍ തുടങ്ങി.

error: Content is protected !!