കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പി ജയരാജന്‍

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്..ഇന്ന് രാവിലെയാണ് കിഴക്കേ കതിരൂരിലെ ഷാജനെ നീർവേലിയിൽ വെച്ച് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇത് വരെ ഒരു കേസില്‍ പോലും പ്രതിയല്ലാത്ത ഷാജനെ വെട്ടിക്കൊല്ലന്‍ ശ്രമിച്ചതെന്തിനെന്ന് ആര്‍ എസ് എസ് നേതൃത്വം വ്യക്തമാക്കണമെന്ന്‍ ജയരാജന്‍ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

പാട്യം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിലെ പാൽവില്പനക്കാരൻ‍ കിഴക്കേ കതിരൂരിലെ ഷാജനെ നീർവേലിയിൽ വെച്ച് ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷാജനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഒരു പെറ്റി കേസില്‍ പോലും പ്രതിയല്ലാത്ത ഷാജനെ എന്തിനാണ് ഇത്തരമൊരു നിഷ്ഠൂരമായ ആക്രമണത്തിന് വിധേയനാക്കിയതെന്ന് ആര്‍ എസ് എസ് നേതൃത്വം വ്യക്തമാക്കണം.കഴിഞ്ഞ കുറച്ച് നാളുകളായി കണ്ണൂരിന്‍ കലാപഭൂമിയാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.നിരവധി സിപിഐ(എം) പ്രവര്‍ത്തകരെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
സിപിഐ(എം) സംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് ജില്ലയില്‍ തുടര്‍സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരുന്നത്.

എടയന്നൂരില്‍ നടന്ന ദൌര്‍ഭാഗ്യകരമായ ഒരു സംഭവത്തെ മുന്‍നിര്‍ത്തി വലതുപക്ഷ മാധ്യമങ്ങളും എതിരാളികളും പാര്‍ട്ടിക്കെതിരെ പച്ച കള്ളം പ്രചരിപ്പിക്കുകയാണ്.ആ സംഭവത്തില്‍ സിപിഐ(എം) ന് പങ്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും അന്ന് തന്നെ വ്യക്തമാക്കിയതാണ്.എന്നാല്‍ ഈ സംഭവത്തെ മുന്‍നിര്‍ത്തി സംഘടിതമായ ആക്രമണം നടത്തുന്നവര്‍ സിപിഐ(എം) നെതിരെ നടക്കുന്ന ആക്രമണങ്ങളെ സൗകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.അപകടകരമായ പ്രവണതയാണിത്.എതിരാളികള്‍ക്ക് സിപിഐ(എം) പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടല്‍.വലതുപക്ഷ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

error: Content is protected !!