ഷുഹൈബ് വധം; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍, ഇന്ന് അറസ്റ്റുണ്ടായേക്കും

കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ഇന്നലെ ആറുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളെല്ലാം തന്നെ സിപിഎം ബന്ധമുള്ളവരാണെന്നാണ് സൂചന.

പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഒരാള്‍ ജില്ലാ നേതാവിന്‍റെ ബന്ധുവും മറ്റൊരാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. അതേസമയം, കൊലപാതകം നടന്ന് ആറാം ദിവസവും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്‍റെ കാരണം അവ്യക്തമാണ്.

പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ പത്തു മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കും. ഇതേ ആവശ്യവുമായി കോൺഗ്രസ് നേതാവു കെ.സുധാകരൻ നാളെ രാവിലെ കണ്ണൂരിൽ 48 മണിക്കൂർ നിരാഹാരസമരവും തുടങ്ങാനിരിക്കുകയാണ്. യഥാർഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തിൽ, സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും പരാതിയുണ്ട്.

അതേസമയം, പ്രതികളെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചെന്നാണു പൊലീസ് ഭാഷ്യം. അക്രമികൾ‌ക്കു പ്രാദേശിക സഹായം നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന സിപിഎം പ്രവർത്തകൻ കസ്റ്റഡിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു വരുന്നു.

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിവിൽ കഴിഞ്ഞ സ്ഥലത്തു തന്നെയാണു ഷുഹൈബിന്റെ കൊലയാളികളും ഒളിവിൽ കഴിയുന്നത് എന്ന സൂചനയെ തുടർന്നു സിപിഎം ശക്തികേന്ദ്രമായ മുടക്കോഴി, പെരിങ്ങാനം, മച്ചൂർ മലകളിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അതീവരഹസ്യമായാണു റെയ്ഡ് നടത്തിയതെങ്കിലും വിവരം ചോർന്ന് അക്രമികൾ കടന്നുകളഞ്ഞിരിക്കാമെന്നാണു നിഗമനം.

error: Content is protected !!