ഷുഹൈബ് വധം; ഇപ്പോൾ കീഴടങ്ങിയത് ഡമ്മി പ്രതികളെന്ന് കെ.സുധാകരൻ

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കീഴടങ്ങിയ പ്രതികള്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് എന്ത് ഉറപ്പുണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ ചോദിച്ചു. ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഏറ്റവും വലിയ ക്രിമിനലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇപ്പോള്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ണൂരില്‍ സമാധാന യോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയേയും സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു.

വലിയ അക്രമമാണ് കണ്ണൂരില്‍ ഉണ്ടായത്. എന്നിട്ടും സമാധാന യോഗം വിളിക്കാന്‍ കളക്ടര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് സുധാകരന്‍ ചോദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനുള്ള തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരില്‍ പലപ്പോഴും രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ മുന്‍ സര്‍ക്കാര്‍ സമാധാന യോഗം വിളിക്കുമായിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. സംഘര്‍ഷത്തിന് അയവ് വരുത്തേണ്ട സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

error: Content is protected !!