സനൂഷയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യമില്ല

ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവനടി സനൂഷയെ അപമാനിക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കന്യാകുമാരി വില്ലക്കുറിശി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

ഫെബ്രുവരി ഒന്നിനു മാവേലി എക്‌സ്പ്രസിലെ എസി കോച്ചില്‍ യാത്രചെയ്യുമ്പോഴാണ് അപമാനിക്കാന്‍ ശ്രമിച്ചത്. ഞെട്ടിയുണര്‍ന്ന നടി ബഹളം കൂട്ടുകയും മറ്റു യാത്രക്കാരുടെ സഹായത്തോടെ റെയില്‍വേ പൊലീസിനു പരാതി നല്‍കുകയും ചെയ്തു. സിജെഎം കോടതി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

ട്രെയിനില്‍ യുവാവിനെതിരെ പതറാതെ പ്രതികരിച്ച നടി സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സനുഷ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ഡിജിപി ബെഹ്‌റ പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു.

എന്നാല്‍ ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സനുഷയുടെ പരാതിയിന്മേല്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്.

You may have missed

error: Content is protected !!