കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാനുള്ള പരീക്ഷണ പറക്കല്‍ ആരംഭിച്ചു. വ്യോമസേനയുടെ ഡോണിയര്‍ വിമാനമാണ് പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്നത്. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനാണ് പരീക്ഷണ പറക്കല്‍. ഇതോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാജ്യന്തര വ്യോമയാന ഭൂപടത്തിന്റെ ഭാഗമാകും.

കരിപ്പൂര്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ചെറുവിമാനം രണ്ടു മണിക്കൂറോളം വിമാനത്താവളത്തിനു മുകളില്‍ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണ്‌
ഡി.വി.ഒ.ആറിന്റെ കാലിബ്രേഷന്‍ നിര്‍വഹിക്കുക. ഇതിനു ശേഷം മാത്രമെ വിമാനങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമ മേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ കഴിയൂ. 112.6 മെഗാ ഹെട്‌സാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗ ദൈര്‍ഘ്യം.

ഒരു പൈലറ്റും മൂന്നു സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന സംഘമാണ് വിമാനത്തില്‍ ഉണ്ടാവുക. വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന ഉപകരണമാണു ഡി.വി.ഒ.ആര്‍. എയര്‍പോര്‍ട്ട് അതോറിറ്റി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നിവയുടെ അന്തിമ സുരക്ഷാ പരിശോധന ഏപ്രിലില്‍ നടക്കും. റണ്‍വേയുടെയും വിമാന പാര്‍ക്കിങ് ഏരിയയുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 2016 ഫെബ്രുവരി 29നു പരീക്ഷണപ്പറക്കലിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ഡോണിയര്‍ വിമാനം ഇറങ്ങിയ ശേഷം നടക്കുന്ന പ്രധാനപ്പെട്ട പരിശോധനയാണിത്.

error: Content is protected !!