വിദേശത്ത് നിന്ന് വരുമ്പോള്‍ മറ്റെ മോദിയെക്കൂടി കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 11,500 കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടതില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ഇന്ത്യയിലെ എല്ലാവര്‍ക്കും വേണ്ടി ഒരു അപേക്ഷയുണ്ട്.അടുത്ത വിദേശയാത്രയ്ക്ക് പോയിവരുമ്പോള്‍ മറ്റെ മോദിയെ കൂടെ കൂട്ടിക്കൊണ്ടുവരണം- രാഹുല്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 27 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനത കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെ ലഭിക്കാന്‍ ഞങ്ങള്‍ക്ക് വളരെ ആഗ്രഹമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് കോടികളുടെ പണം തട്ടിച്ച ചില സമ്പന്നരുണ്ട്. അവരെല്ലാംതന്നെ ബിജെിപയെ പിന്തുണയ്ക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ബിജെപിയെ ഒരു പാഠം പഠിപ്പിക്കണമെന്നും മേഘായലയിലെ വോട്ടര്‍മാരോട് രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഘാലയയിലെ പള്ളികള്‍ അലങ്കരിക്കാന്‍ ഫണ്ട് അനുവദിച്ച കേന്ദ്രടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ കണ്ണന്താനത്തെയും രാഹുല്‍ കണക്കിന് വിമര്‍ശിച്ചു.

ഞങ്ങളുടെ പ്രവര്‍ത്തകരെ അവര്‍ പണംകൊണ്ട് വിലയ്‌ക്കെടുത്തു. അതുപോലെ ദൈവങ്ങളെയും വിലയ്‌ക്കെടുക്കാമെന്നാണ് ബിജെപി നേതാക്കള്‍ വിചാരിക്കുന്നത്. ആരാധാനലയങ്ങളും ആത്മീയതും വില്‍പ്പനവസ്തുക്കളല്ലെന്ന് ബിജെപി ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

error: Content is protected !!