സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ബസ്‌ പണിമുടക്ക്

സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നും നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് ഉടമകള്‍. നിലവിലെ നിരക്ക് വര്‍ധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാകില്ല. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ നിരക്ക് വര്‍ധിപ്പിക്കാതെയുളള നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമകളുടെ നിലപാട്.അതേ സമയം ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

ബസ് നിരക്കുവർധന മാർച്ച് ഒന്നിനു നിലവിൽ വരും. ഓർഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. സൂപ്പർ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയാണ്. ഫെയർസ്റ്റേജിൽ മാറ്റമില്ല. വിദ്യാർഥികൾക്കുള്ള മിനിമം നിരക്കിലും വർധനയില്ല. എന്നാൽ, മിനിമം നിരക്കിനുശേഷമുള്ള നിരക്കിൽ ഇപ്പോൾ ഉയർത്തിയതിന്റെ 25% വർധന ഉണ്ടാകും. ഇങ്ങനെ വർധിപ്പിക്കുമ്പോൾ 50 പൈസ വരെയുള്ള വർധന ഒഴിവാക്കും. ഫെയര്‍‌സ്റ്റേജിലും വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം നിരക്കിലും വര്‍ധന വരുത്തിയിരുന്നില്ല. ഇതാണ് ബസ് ഉടമകളെ വീണ്ടും സമരം എന്ന തീരുമാനത്തില്‍ എത്തിച്ചത്.

error: Content is protected !!