അഭിനയം നിര്‍ത്തിയിട്ടില്ല തീരുമാനം പിന്നീടെന്ന് കമല്‍ഹാസന്‍

കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രവേശനത്തിനായി സിനിമ നിര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളി കമല്‍ഹാസന്‍. മൂന്ന് ചിത്രങ്ങള്‍ക്കൂടി ചെയ്ത് തീര്‍ക്കാനുണ്ടെന്നും അതിനു ശേഷമേ അഭിനയം തുടരണമോയെന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും കമല്‍ വ്യക്തമാക്കി. അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ശ്രദ്ധചെലുത്തുമെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

‘രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ തീരുമാനം അന്തിമമാണ് അതില്‍ മാറ്റമൊന്നുമില്ല. ഒരു പക്ഷേ രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും 37 വര്‍ഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാന്‍. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 37 വര്‍ഷമായി ഇക്കൂട്ടര്‍ എന്റെ കൂടെയുണ്ട്. എന്റെ നിര്‍ദ്ദേശമനുസരിച്ച് കൂടുതല്‍ യുവാക്കളെ ഇവര്‍ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരെല്ലാം പാര്‍ട്ടിയിലെ സന്നദ്ധസേവകരാകും. രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടാലും പൊതുരംഗത്തുനിന്ന് പിന്‍മാറില്ല’ കമല്‍ഹാസന്‍ പറഞ്ഞു.

രജനീകാന്ത് പാര്‍ട്ടിയും നയങ്ങളും പ്രഖ്യാപിച്ചതിനുശേഷം അദ്ദേഹവുമായി സഖ്യമുണ്ടാക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഈ മാസം 21 ന് മധുരയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടിയുടെ പേരും നയങ്ങളും കമല്‍ഹാസന്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് സംസ്ഥാനപര്യടനവും നടത്തും.

error: Content is protected !!