പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസിന്റെ വിശദീകരണം. ജനുവരിയില്‍ മദ്ധ്യപ്രദേശില്‍ വെച്ച് നടത്ത ഡി.ജി.പിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ ചേര്‍ന്ന് പ്രബന്ധം തയ്യാറാക്കിയിരുന്നു. ഇത് അവതരിപ്പിച്ചത് കേരളാ ഡി.ജി.പിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഈ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. സംഘടനയെ നിരോധിക്കണമെന്ന് ഇന്നുവരെ സംസ്ഥാന പൊലീസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് കഴിഞ്ഞദിവസം അറിയിച്ചത്. മദ്ധ്യപ്രദേശില്‍ വെച്ച് കഴിഞ്ഞമാസം നടന്ന സംസ്ഥാന പൊലീസ് മേധാവിമാരുടെ യോഗത്തില്‍ വെച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും സംബന്ധിച്ച വിശദ വിവരങ്ങള്‍ അവതരിപ്പിച്ചുവെന്നും ദ ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മറ്റ് മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് കേരളാ പൊലീസ് മേധാവി ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണന്നും കിരണ്‍ റിജ്ജു പറഞ്ഞു. സംസ്ഥാനത്ത് സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതികളായ നാല് ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ ഡി.ജി.പി പ്രസ്തുത യോഗത്തില്‍ അവതരിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥനും സ്ഥിരീകരിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള തെളിവുകള്‍ രേഖകളും കേന്ദ്രം ശേഖരിക്കും. ഏതെങ്കിലും ഒരു പ്രത്യേക സംഘടനയെക്കുറിച്ച് ഡി.ജി.പിമാരുടെ യോഗത്തില്‍ പ്രത്യകം ചര്‍ച്ചകള്‍ നടക്കുന്നത് ആദ്യത്തെ സംഭവമാണ്. നേരത്തെ സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം അത്തരം സംഘടനകളെ നിരോധിച്ചതിന് ശേഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ ഇന്റലിജന്‍സ് ബ്യൂറോയാണ് എല്ലാ വര്‍ഷവും സംസ്ഥാന പൊലീസ് മേധാവിമാരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നത്. നിരോധനത്തിന് മുന്‍പ് നിരവധി നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാല്‍ രണ്ട് മാസമെങ്കിലും കഴിഞ്ഞേ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകൂ എന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

error: Content is protected !!