ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത് രാമക്ഷേത്രം നിര്‍മ്മിക്കാനാണ്, മുത്തലാക്ക് നിയമം പാസ്സാക്കാനല്ല; പ്രവീണ്‍ തൊഗാഡിയ

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ നേതാവ് പ്രവീണ്‍ തൊഗാഡിയ വീണ്ടും ബിജെപിക്കെതിരെ. ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ്,അല്ലാതെ മുത്തലാക്ക് നിയമം പാസ്സാക്കാന്‍ വേണ്ടിയല്ലെന്ന് പ്രവീണ്‍ തൊഗാഡിയ അഭിപ്രായപ്പെട്ടു.

രാമക്ഷേത്രം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി ഒരു നിയമം പാസ്സാക്കണമെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതും, അധികാരത്തിലെത്തിച്ചതും മുത്തലാക്ക് നിയമം പാസ്സാക്കാന്‍ വേണ്ടിയല്ല, അയോധ്യയില്‍ രാമക്ഷേത്രത്തിനുവേണ്ടിയാണ് . രാമക്ഷേത്രത്തിനുവേണ്ടി എത്രയും പെട്ടെന്ന് ഒരു നിയമം പാസ്സാക്കണം. എന്നാല്‍ മാത്രമെ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കുകയുള്ളു.

മുത്തലാക്കിന് വേണ്ടി നിയമനിര്‍മ്മാണം നടത്തുന്നതും നടത്താതിരിക്കുന്നതും ബിജെപി സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ല. എന്നാല്‍ നിര്‍ബന്ധമായും രാമക്ഷേത്രത്തിനുവേണ്ടി നിയമം ഉണ്ടാവണം- തൊഗാഡിയ പറഞ്ഞു. ഔറംഗാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമത്തിലാണ് ഞങ്ങള്‍ക്ക് വിശ്വാസം.എന്നാല്‍ ക്ഷേത്രം പണിയാത്ത സാഹചര്യത്തില്‍ അതിനുവേണ്ടി ഒരു നിയമം പാസ്സാക്കിയാല്‍ മാത്രമെ ബാബ്‌റി മസ്ജിദ് നീക്കാന്‍ സാധിക്കുകയുള്ളുവെന്നും തൊഗാഡിയ പറഞ്ഞു.

സുപ്രീംകോടതി അയോധ്യക്കേസിന്റെ വിചാരണ വീണ്ടും അവധി വയ്ക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ ഹിന്ദുക്കള്‍ അയോധ്യയിലെ രാമക്ഷേത്രത്തിനുവേണ്ടിയാണ് കാത്തിരിക്കുന്നതെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു.

error: Content is protected !!