സ്മരകമില്ലാത്ത പോത്തേരി കുഞ്ഞമ്പു

അധസ്ഥിതര്‍ക്കുവേണ്ടി പോരാട്ടം നയിച്ച പോത്തേരി കുഞ്ഞമ്പുവക്കീലിന്റെ കണ്ണൂർ മേലെ ചൊവ്വയിലെ പോത്തേരി വീട് സ്മാരകമാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും സംരക്ഷിക്കപ്പെടാതെ പൊളിച്ചുനീക്കി…

ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന കാലത്ത് നമ്മള്‍ ഓര്‍ക്കേണ്ട വ്യക്തിത്വത്തമാണ് പോത്തേരി കുഞ്ഞമ്പു. ദലിത് പ്രശ്നങ്ങള്‍ക്കെതിരെ സാമൂഹിക പരിഷ്കര്‍ത്താക്കളൊക്കെ ഇടപെടുന്നതിന് എത്രയോ മുമ്പ് ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു ദലിതനായ കുഞ്ഞമ്പു.

1857ല്‍ ജനിച്ച പോത്തേരി മെട്രിക്കുലേഷനുശേഷം മലപ്പുറത്ത് പോസ്റ്റ് മാസ്റ്ററായും തളിപ്പറമ്പില്‍ ഗുമസ്തനായും പ്രവര്‍ത്തിച്ചു. പിന്നീട് നിയമപരീക്ഷ പാസായി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. നിയമത്തില്‍ ആഴത്തിലുള്ള അറിവും പ്രായോഗിക ജ്ഞാനവും അദ്ദേഹത്തെ മുന്‍നിരക്കാരനാക്കി.

തന്റെ സമ്പത്ത് ദളിതരുടെയും താഴ്ന്ന ജാതിക്കാരുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി ചിലവഴിച്ച കുഞ്ഞമ്പു പുലയ ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കണ്ണൂരിൽ സ്കൂൾ സ്ഥാപിച്ചു. തന്റെ ജോലിക്കാരെ സ്കൂളിൽ അയച്ചു വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തു. ആ കാലത്ത് സമൂഹം അദ്ദേഹത്തെ “പുലയ കുഞ്ഞാമ്പു” എന്ന് വിളിച്ചു പരിഹസിച്ചു.

1892 ൽ അദ്ദേഹം രചിച്ച സരസ്വതീ വിജയം മലയാളത്തിലെ ആദ്യ ദലിത് നോവലാണ്.ജാതീയമായ അടിച്ചമർത്തലിനെതിരായുള്ള നോവലായിരുന്നു പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയം. ദളിതനായ ഒരു യുവാവ്‌ നമ്പൂതിരിയായ ജന്മിയുടെ ക്രൂരതകളിൽ നിന്ന് രക്ഷ കിട്ടാനായി നാടുവിട്ട്‌ പോകുന്നതാണു കഥ. ക്രിസ്തുമതം സ്വീകരിച്ച ആ യുവാവ്‌ ആധുനിക വിദ്യാഭ്യാസം നേടി തിരിച്ചുവന്ന് കോടതിയിൽ ജഡ്ജിയാവുന്നു. ദളിത്‌ യുവാവിനെ ജന്മി കൊന്നതാണെന്നു കരുതിയ ഗ്രാമവാസികൾ കോടതിയിൽ ഒരു കേസ്‌ ഫയൽ ചെയ്യുന്നു. വിചാരണയ്ക്കൊടുവിൽ താനാണു ആ ദളിതൻ എന്ന സത്യം ജഡ്ജി വെളിപ്പെടുത്തുന്നു. കീഴാളരുടെ ഉന്നമനത്തിനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ നോവല്‍ പറയുന്നത്.

ചിറക്കല്‍, അറക്കല്‍ രാജകുടുംബാംഗങ്ങളുടെ നിയമോപദേശകനായിരുന്ന കുഞ്ഞമ്പു രാമായണ സാരശോധന, രാമകൃഷ്ണ സംവാദം, മൈത്രി, എന്നീ കൃതികളും രചിച്ചിട്ടുണ്ട്.

സരസ്വതീ വിജയത്തിന്റെ 125 ആം വാർഷികത്തിന്റെ ഭാഗമായി തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ് 2017 ഒക്ടോബർ 20 ന് മലയാളം വിഭാഗത്തിനു കീഴിൽ പോത്തേരി കുഞ്ഞാമ്പു ചെയർ സ്ഥാപിച്ചു അദ്ദേഹത്തെ ആദരിച്ചു.

error: Content is protected !!