അവരെന്നെ അടിക്കുകയും ചവിട്ടുകയും ചെയ്തു,കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളം ഒഴിച്ചു:മധുവിന്‍റെ മരണമൊഴി

മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് തന്നെ മര്‍ദ്ദിച്ചവരെക്കുറിച്ചുള്ള പേരുവിവരങ്ങള്‍ മധു പൊലീസിനു നല്‍കിയത്. ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത്. കാട്ടില്‍ നിന്നും പിടികൂടിയ തന്നെ കള്ളനെന്ന് പറഞ്ഞാണ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്നും മധുവിന്റെ മൊഴിയില്‍ പറയുന്നു. ഈ മൊഴി നല്‍കി അല്‍പ സമയത്തിനകം മധു മരിച്ചെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്.

മാത്തച്ചന്‍, മനു, ഉമ്മര്‍, ഹുസൈന്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും മധു പൊലീസിന് നല്‍കിയ മൊഴിയില്‍ വിശദമാക്കുന്നുണ്ട്. എന്നാല്‍ എഫ്.ഐ.ആറില്‍ എവിടെയും മധുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറയുന്നില്ല.

അതേസമയം, മധുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നാളത്തേക്ക് മാറ്റി. മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റിയതെന്നാണ് വിവരം. എന്നാല്‍ സമയം വൈകിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

error: Content is protected !!