നീരവിന്‍റെ കാറുകളും ചോക്സിയുടെ 1200 കോടിയുടെ സ്വത്തും കണ്ടുകെട്ടി

പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയുടെ 1200 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചോക്സിയുടെ സ്ഥാപനമായ ഗീതാഞ്ജലി ജെംസിനു ഹൈദരാബാദ് പ്രത്യേക സാമ്പത്തികമേഖലയിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്.

ചോക്സിയുടേതും നീരവ് മോദിയുടേതുമായി 94.5 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചെയ്തു. ഇതിൽ 86.72 കോടിയുടെ നിക്ഷേപവും ചോക്സിയുടേതാണ്.

മുംബൈയിൽ മോദിയുടെ ഒൻപത് ആഡംബരക്കാറുകളും പിടിച്ചെടുത്തു. റോൾസ് റോയ്സ് ഗോസ്റ്റ്, പോർഷെ, രണ്ടു ബെൻസ് കാറുകൾ, മൂന്ന് ഹോണ്ട കാറുകൾ, ടൊയോട്ട ഫോർച്യൂണർ, ഇന്നോവ എന്നിവയാണു പിടിച്ചെടുത്തത്.

അതിനിടെ, ചോക്സി ദക്ഷിണ മുംബൈ ഫോർട്ടിലെ ജമ്മു-കശ്മീർ ബാങ്ക് ശാഖയിൽ 152 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പുതിയ വിവരം പുറത്തുവന്നു.

121 കോടി രൂപ വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ ബാധ്യത പലിശയടക്കം 152 കോടിയാകുകയായിരുന്നുവെന്നു ബാങ്ക് അധികൃതർ അറിയിച്ചു.

നീരവ് മോദി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻപാകെ ഇന്നു ഹാജരാകണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും പാസ്പോർട്ട് മരവിപ്പിച്ചിരിക്കുന്നതിനാൽ വരാനാകാത്ത സാഹചര്യമാണെന്നാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന മറുപടി. തിങ്കളാഴ്ച ഹാജരാകാനാണു പുതിയ സമൻസ്.

ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടറായ മലയാളി ശിവരാമൻ നായരുടെ വീട്ടിൽ സിബിഐ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ശിവരാമൻ നായരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു. മോദിയുടെയും ചോക്സിയുടെയും കമ്പനികളിലെ നൂറുകണക്കിനു ജീവനക്കാരുടെ ഭാവി പ്രതിസന്ധിയിലാണ്. നൂറിലേറെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനു പിന്നാലെ ഇന്ത്യയിലെ ബിസിനസ് നിർത്തുകയാണെന്ന സൂചനകൾ ഇരുസ്ഥാപനങ്ങളും പുറത്തുവിട്ടു.

error: Content is protected !!