മധുവിന്‍റെ കൊലപാതകം രൂക്ഷ പ്രതിഷേധവുമായി കെ.ആര്‍ മീര

അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം കേരളത്തെയാകെ ഉലച്ചിരിക്കുകയാണ്. സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയിലൂടെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. എഴുത്തുകാരി കെആര്‍ മീര കവിതയിലൂടെ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത തവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം. ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണമെന്നും തുടങ്ങുന്ന കവിതയിലൂടെ രൂക്ഷ പരിഹാസമാണ് കെ.ആര്‍ മീര നടത്തുന്നത്.

കവിതയുടെ പൂര്‍ണ്ണരൂപം

അടുത്ത തവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം.

ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം.

വാതില്‍ക്കല്‍ കരിയില കൂട്ടിയിട്ടു പുകയ്ക്കണം.

പേടിച്ചരണ്ട് പുറത്തു ചാടുമ്പോള്‍ കെണി വച്ചു പിടിക്കണം.

തല കീഴായ് കെട്ടിത്തൂക്കണം.

വലിയ ചെമ്പില്‍ വെള്ളം നിറയ്ക്കണം.

അടിയില്‍ തീ കൂട്ടണം.

ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം.

ആ കെട്ടിലെ ബീഡി വലിച്ച് കാത്തിരിക്കണം.

എല്ലും തോലും കളയുമ്പോള്‍ ബാക്കിയാകുന്ന ഒരു പിടി

വേവു പാകമാകുമ്പോള്‍

ആക്രാന്തവും ‌വാക്കുതര്‍ക്കവുമില്ലാതെ
ഒരുമയോടെ പങ്കിട്ടു തിന്നണം.

നിങ്ങളെന്താണിങ്ങനെ എന്നു നിത്യമായി പകച്ച
പളുങ്കു കണ്ണുകള്‍ എനിക്ക്.

വാക്കുകള്‍ വറ്റിപ്പോയ ചുവന്ന നാവു നിനക്ക്.

കരിഞ്ഞ പാമ്പു പോലെ കറുത്തുണങ്ങിയ കുടല്‍ ലവന്.

ആരും കോര്‍ത്തുപിടിച്ചിട്ടില്ലാത്ത വിരലുകള്‍ ഇവന്.

ആരും തലോടിയിട്ടില്ലാത്ത പാദങ്ങള്‍ മറ്റവന്.

ചങ്കു പണ്ടേ ദ്രവിച്ചുപോയി.

ശ്വാസകോശങ്ങള്‍ അലുത്തുപോയി.

പക്ഷേ, പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തു പോയ

വെളു വെളുത്ത തലച്ചോര്‍ സ്വയമ്പനാണ്.

ഉപ്പും മുളകും ചേര്‍ക്കേണ്ടതില്ല.

ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവര്‍പ്പാണ്.

കാടിന്‍റെയും കണ്ണീരിന്‍റെയും എരിവുള്ള കവര്‍പ്പ്.

error: Content is protected !!