ചെങ്ങന്നൂരില്‍ മല്‍സരിക്കാനില്ലെന്ന് പിസി വിഷ്ണുനാഥ്

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.സി വിഷ്ണുനാഥ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാലാണ് മത്സരത്തില്‍ നിന്ന് ഒഴിവാകുന്നതെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐ.സി.സി സെക്രട്ടറി കൂടിയായ വിഷ്ണുനാഥ് കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളുരുവിലാണ്. കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ഇരു സ്ഥലത്തും ഒരേ സമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ സാധ്യതയുള്ളതിനാല്‍ മത്സരത്തിനിറങ്ങാന്‍ കഴിയില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താല്‍പര്യമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

ചെങ്ങന്നൂരിലെ എം.എല്‍.എയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് ഏറെ വിജയസാധ്യത കല്‍പിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വിഷ്ണുനാഥ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായരോട് 7983 വോട്ടുകള്‍ക്കാണ് സിറ്റിംഗ് എം.എല്‍.എയായ വിഷ്ണുനാഥ് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ വിഷ്ണുനാഥ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

error: Content is protected !!