പാറ്റൂര്‍ ഭൂമിയിടപാട് കേസ്; ഇന്ന് വിധി പറയും

പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. പാറ്റൂര്‍ ഭൂമിക്കേസില്‍ ലോകായുക്ത മുമ്പാകെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ട് ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് മുന്‍പ് കോടതി വിമര്‍ശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറയുന്നത്.

ജേക്കബ് തോമസിനോട് രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചു.കേസില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടും ജേക്കബ് തോമസ് ഇതുവരെ സമര്‍പ്പിക്കാത്തതിലുള്ള അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു.

പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്. ഈ കേസിലുള്‍പ്പെട്ട ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്രമക്കേടുണ്ടെന്ന്‌ലോകായുക്തയില്‍ ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ജേക്കബ് തോമസിനോടു വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് നേരിട്ട് ഹാജരായ ജേക്കബ് തോമസ് സെറ്റില്‍മെന്റ് രജിസ്റ്ററിലല്ല, അനുബന്ധ രേഖകളിലാണ് ക്രമക്കേടെന്ന് അഭിപ്രായപ്പെട്ടു. ലോകായുക്തക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ അതു പറയണമെന്നും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജേക്കബ് തോമസ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

error: Content is protected !!