പി ശശി കുറ്റവിമുക്തന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരുമോ??

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ വന്‍ വിവാദങ്ങള്‍ക്കിടയാക്കിയ പി ശശിക്കെതിരായ ലൈംഗികാരോപണക്കേസ് അടിസ്ഥാന രഹിതമെന്ന് കോടതി. പി ശശി തന്നെ ബലാത്സംഗം ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്് കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശശിയെ കേസില്‍ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചിരിക്കുന്നത്.

ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പാലായി പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ടിഎന്‍ സജീവ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി പി ശശിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

കേസില്‍ നടത്തിയ അന്വേഷണത്തിലും സാക്ഷിമൊഴികളിലും പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ അത്തരമൊരു സംഭവം നടന്നതായി കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, താന്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇരയായ സ്ത്രീയെ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ പരാതിക്കാരന്‍ വ്യക്തമാക്കിയത്. പി ശശി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളോട് പരാതിക്കാരന്‍ അത്രനല്ല ബന്ധത്തിലല്ലെന്നും മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി നല്‍കിയിരിക്കുന്നതെന്നുമാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് തള്ളുന്നതായും വിധിയില്‍ പറയുന്നു.

പാര്‍ട്ടിയും ഡിവൈഎഫ്ഐ യും രണ്ട് തട്ടില്‍ തിരിയാന്‍ വരെ ശശിക്കെതിരയിട്ടുള്ള കേസ് കാരണമായിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പി ശശി കുറ്റവിമുക്തനയത്തോടെ പി ശശി പാര്‍ട്ടിയിലേക്ക് തിരിച്ചു വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

error: Content is protected !!