സ്കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധം: പുതിയ ആരോഗ്യനയം

ഇനിമുതല്‍ സ്കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധമാക്കികൊണ്ടുള്ള പുതിയ ആരോഗ്യനയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച കരട് ആരോഗ്യ നയം മന്ത്രിസഭ അംഗീകരിച്ചു. വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും ആരോഗ്യ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. . ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കാനും പുതിയ ആരോഗ്യ നയം ശുപാര്‍ശ ചെയ്യുന്നു. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കി നിയമനങ്ങള്‍ക്ക് മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും ആരോഗ്യ നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

ആരോഗ്യവകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടു വകുപ്പുകള്‍ ആയി വിഭജിക്കണം. നിലവിലെ രണ്ടു ഡയറക്ടറേറ്റുകള്‍ക്ക് പകരം പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ സര്‍വീസ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിങ്ങനെ മൂന്നു ഡയറക്ടറേറ്റുകള്‍ ഉണ്ടാകും. റഫറല്‍ സംവിധാനം കര്‍ശനമാക്കും. സ്വകാര്യ ആസ്‌പത്രികളില്‍ ഉള്‍പ്പെടെ മരുന്നുകളുടെ ജനറിക് നാമം കൂടി എഴുതണം.

ദേശീയ സംസ്ഥാന പാതയില്‍ 10 കിലോമീറ്റര്‍ ഇടവിട്ടു പൊതു സ്വകാര്യ സഹകരണ മേഖലകളുടെ സഹായത്തോടെ പ്രാഥമിക അപകട പരിചരണ കേന്ദ്രങ്ങള്‍ ഉറപ്പാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകീട്ട് ആറുവരെയാക്കും. ആരോഗ്യ രംഗത്ത് കനത്ത കച്ചവടവത്കരണം കടന്നുവരുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. അവയവമാറ്റ ശസ്‌ത്രക്രിയ നടത്തുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണം. മന്ത്രിസഭ അംഗീകരിച്ച കരടില്‍ വിദഗ്ധ പരിശോധന കൂടി നടത്തി പ്രാബല്യത്തില്‍ വരുത്തും.

error: Content is protected !!