കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര തുക ജുനൈദിന്റെ ഉമ്മയ്ക്ക് കൈമാറി കെപി രാമനുണ്ണി

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര തുക ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ ഉമ്മക്ക് കൈമാറി കെ.പി.രാമനുണ്ണിയുടെ പ്രതിഷേധം.
പുരസ്‌കാരം ഏറ്റുവാങ്ങിയ ദില്ലിയിലെ വേദിക്കരികില്‍ വച്ചുതന്നെ ജുനൈദിന്റെ അമ്മക്ക് രാമനുണ്ണി പുരസ്‌കാര തുക കൈമാറി.

മതസൗഹാര്‍ദ്ദം മുഖ്യപ്രമേയമാക്കിയ രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ദില്ലിയില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖരന്‍ കമ്പാറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ രാമനുണ്ണി പിന്നീട് വേദിക്കരികില്‍ വ്യത്യസ്ഥ പ്രതിഷേധം നടത്തുകയായിരുന്നു.

പുരസ്‌കാര തുകയായി കിട്ടിയ ഒരു ലക്ഷം രൂപയില്‍ 3 രൂപ മാത്രം എടുത്ത് ബാക്കി തുക ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ ഉമ്മക്ക് നല്‍കിയായിരുന്നു പ്രതിഷേധം.മകന് നീതി നല്‍കാനുള്ള പോരാട്ടത്തിന് ഇത്തരം പ്രതിഷേധങ്ങള്‍ സഹായിക്കുമെന്ന് ജുനൈദിന്റെ ഉമ്മ സൈറ ബീഗം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ജൂനൈദിനെ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമങ്ങളെ ചെറുക്കാനുള്ള സന്ദേശമാണ് പ്രതിഷേധത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും കെ.പി.രാമനുണ്ണി പറഞ്ഞു.

error: Content is protected !!