കുരീപ്പുഴക്കെതിരെ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയിലേക്കെന്ന് കുമ്മനം

കുരീപ്പുഴക്കെതിരെ മതവിദ്വേഷപരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കുരീപ്പുഴ മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ഇല്ലെന്നുമുള്ള ആരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ബിജെപിയുടെ പുതിയ നിലപാട്.

കൊല്ലം കടയ്ക്കലില്‍ കൈരളീ ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബിജെപി പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ല. കുരീപ്പുഴയ്‌ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തതിന് 15 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതില്‍ ആറു ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

മതവിദ്വേഷപരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ചോദ്യം ചോദിക്കുന്നവരെ കുരീപ്പുഴ എന്തിനാണ് ഭയക്കുന്നതെന്നാണ് കുമ്മനത്തിന്റെ ചോദ്യം.എന്നാല്‍ ബിജെപിയുടെ പരാതിയില്‍ പറയുന്നത് പോലെ മതവിദ്വേഷം വളര്‍ത്തുംവിധം പ്രസംഗിച്ചിട്ടില്ലെന്ന് കുരീപ്പുഴ ആവര്‍ത്തിച്ച് വിശദീകരിച്ചിരുന്നു. പൊതു ഇടങ്ങള്‍ കയ്യേറപ്പെടുന്നതിനെതിരെയാണ് താന്‍ സംസാരിച്ചത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടയമ്പാടിയെന്നും ആ ദളിത് സമരത്തെ അടിച്ചമര്‍ത്താനെത്തിയ കയ്യില്‍ കെട്ടും നെറ്റിയില്‍ പൊട്ടുമിട്ടവര്‍ക്ക് ക്ഷേത്രമൈതാനം വിട്ടുകൊടുക്കരുതെന്നുമാണ് പ്രസംഗിച്ചതെന്നാണ് കുരീപ്പുഴ വിശദീകരിച്ചത്.

error: Content is protected !!