ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. ബിജെപി നേതാവ് നോബിള്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകട്ടേയെന്നും അതിന് ശേഷം എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ആ സമയത്ത് ഉചിതമായ സ്ഥലത്ത് പരാതി നല്‍കിയാല്‍ മതിയെന്നും കോടതി പറഞ്ഞു. വിധി സ്വാഗതാര്‍ഹമാണെന്ന് കെ.എം മാണി പ്രതികരിച്ചു. അഴിമതിക്കാരനായ മാണി ഏത് മാളത്തില്‍ പോയൊളിച്ചാലും പുറത്തു ചാടിക്കുമെന്നാണ് വിധിയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നോബിളിന്റെ പ്രതികരണം.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി , ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാണിയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് താല്‍പ്പര്യം ഇല്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ബാര്‍കോഴക്കേസ് അവസാനിപ്പിക്കാന്‍ പിന്നാമ്പുറ ചര്‍ച്ചകളിലൂടെ ധാരണയിലെത്തിയിരുന്നെങ്കിലും കോടതി പ്രശ്നത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

error: Content is protected !!