മധുവിന്‍റെയും ഷുഹൈബിന്‍റെയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്.

ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസ് വളഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല.

ഈ സമയം ആരോഗ്യമന്ത്രി കെ.പി.ശൈലജ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ടായിരുന്നുവെങ്കിലും അതിനോട് സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഡയസിന് മുന്‍പില്‍ നിന്ന് ബഹളം വച്ച അന്‍വര്‍ സാദത്ത് എംഎല്‍എയെ സ്പീക്കര്‍ പേരെടുത്തു പറഞ്ഞു ശാസിച്ചു. ഒടുവില്‍ 8.40-ഓടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇതോടൈ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. ഇതിനു പിന്നാലെ നിയമസഭയിലെ മീഡിയാ ഗാലറിയില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാക്കുകയും ചെയ്തു.

error: Content is protected !!