ശ്രീദേവിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

കഴിഞ്ഞ ദിവസം ദുബായിയില്‍ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം അല്‍പസമയത്തിനകം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. മൃതദേഹവുമായി സ്വകാര്യ വിമാനം രണ്ടു മണിക്ക് ദുബായില്‍ നിന്നു യാത്രതിരിക്കും എന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച്ച രാത്രി ദുബായില്‍ അന്തരിച്ച നടിയുടെ ഭൗതികദേഹം എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പേ മരണപ്പെട്ടതിനാല്‍ ഫോറന്‍സിക് പരിശോധനകള്‍ വേണ്ടി വന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ദുബായ് എമറൈറ്റ്‌സ് ടവറിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ശനിയാഴ്ച്ച രാത്രി ശ്രീദേവി കുഴഞ്ഞു വീഴുന്നത്. ഇവിടെ നിന്നും ആശുപത്രിയിലെത്തിക്കും മുന്‍പ് അവര്‍ മരണപ്പെടുകയും ചെയ്തു. ആശുപത്രിയലെത്തും മുന്‍പേ മരിച്ചതിനാല്‍ തന്നെ ഫോറന്‍സിക് പരിശോധനകള്‍ നടത്തി മരണകാരണത്തില്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കൂ.

ഇപ്പോള്‍ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഫോറന്‍സിക് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച പോസ്റ്റ്‌മോര്‍ട്ട് ചെയ്യുകയും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇവയുടെയെല്ലാം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതാണ് മറ്റു നടപടികള്‍ വൈകാന്‍ കാരണം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പിന്നെ അടുത്ത 5-6 മണിക്കൂറില്‍ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൃദയാഘാതമാണോ അതോ വീഴ്ച്ചയിലുണ്ടായ പരിക്കാണോ ശ്രീദേവിയുടെ മരണകാരണം എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. കുഴഞ്ഞുവീണപ്പോള്‍ ഉണ്ടായ രക്തസ്രവത്തെ തുടര്‍ന്നാണ് മരണമെന്ന രീതിയിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പോലീസില്‍ നിന്നും ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഇതു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാക്കി ശ്രീദേവിയുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കണം. ഇതിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്നും മൃതദേഹം കൊണ്ടുപോകാനുള്ള അനുമതിയും വാങ്ങണം. നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പായി മൃതദേഹം എബാം ചെയ്യുകയും വേണം. ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശ്രീദേവിയുടെ ഭൗതികദേഹവുമായി കുടുംബത്തിന് ദുബായ് വിടാന്‍ സാധിക്കൂ. മൃതദേഹവും ഒപ്പം അവരുടെ കുടുംബാംഗങ്ങളേയും മുംബൈയിലെത്തിക്കാനായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം ഞായറാഴ്ച്ച ഉച്ചയോടെ ദുബായിലെത്തിയിട്ടുണ്ട്.

error: Content is protected !!