സഫീറിന്‍റെ കൊലപാതകം; വ്യക്തി വൈരാഗ്യമെന്ന് പോലീസ്

പാലക്കാട് മണ്ണാര്‍കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. സി.പി.ഐ.എം അനുഭാവികളും സഫീറിന്റെ അയല്‍വാസികളുമായ അഞ്ച് പേരാണ് അറസ്റ്റിലായത്. രാഷ്ട്രീയ കൊലപാതകമല്ലെന്നും വിദ്യാഭ്യാസ കാലം മുതലുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു. അഞ്ചു മുറിവുകളാണ് സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഓട്ടോറിക്ഷയിലാണ് അക്രമിസംഘം സ്ഥലത്തെത്തിയത്. പിടിയിലായവര്‍ക്ക് ഗുണ്ടാബന്ധമുള്ളതായും പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി ഒന്‍പതു മണിയോടെ കോടതിപ്പടിയിലെ തുണിക്കടയില്‍ നില്‍ക്കുമ്പോള്‍ പിന്നിലൂടെ എത്തിയ സംഘം സഫീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാജുദീന്റെ മകനാണ് സഫീര്‍. സാരമായി പരുക്കേറ്റ സഫീറിനെ വട്ടമ്പലം സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ-മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നായിരുന്നു ലീഗ് ആരോപിച്ചിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

error: Content is protected !!