സ്‌ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി സംസ്ഥാന ബജറ്റ്

സ്‍ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അവര്‍ക്ക് അപമാനകരമാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്‍ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്‍ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് 2018- 19 ലെ സംസ്ഥാന ബജറ്റ്. വിഹിതത്തിന്‍റെ 13.6 ശതമാനം തുകയും വകയിരുത്തിയിരിക്കുന്നത് സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി. സുരക്ഷാ പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ആക്രമണം തടയാന്‍ 50 കോടിയും ബജറ്റ് നീക്കിവച്ചിട്ടുണ്ട്. 2018-19 വര്‍ഷം അയല്‍ക്കൂട്ടവര്‍ഷമായി ആഘോഷിക്കുമെന്നും ധനമന്ത്രി തോമസ് ഐസ്‌ക പ്രഖ്യാപിച്ചു.

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്നും 2000 രൂപയായി വര്‍ധിപ്പിച്ചു. വ്യവസായനഗരമായ എറണാകുളം ജില്ലയില്‍ ഷീലോഡ്ജുകള്‍. ആകെ നാലെണ്ണം.

കൂടാതെ എല്ലാ ജില്ലകളിലും വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. പീഡനടക്കമുള്ള അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് കോടി രൂപയുടെ ധനസഹായം ബജറ്റില്‍ വകയിരുത്തി.

സമൂഹത്തില്‍ ആണ്‍കോയ്മക്കെതിരെയുപള്ള പെണ്‍പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. സിനിമാ മേഖലയിലടക്കം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമൂഖികരിക്കാന്‍ സര്‍ക്കാര്‍ ഒപ്പം ഉണ്ടാകും എന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കത്തിലെ ധനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ ഹെഡ്ഡുകളിലായി വന്‍ തുക വകയിരുത്തിയിട്ടുണ്ട്.

error: Content is protected !!