വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ധിപ്പിക്കാതെയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല; ബസ്സുടമകള്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ധനയില്ലാതെ ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് ബസ്സ് ഓപ്പറേറ്റേഴ്‌സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റിയന്‍, വൈസ് പ്രസിഡന്റ് പവിത്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.     സമരവുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാനത്തെ ബസ്സുടമ സംഘടനകളുടെ പ്രതിനിധികളായ 12 പേര്‍ തിങ്കളാഴ്ച 11 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കും. ഗവണ്‍മെന്റ് നിശ്ചയിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനനുസരിച്ച ചാര്‍ജ്ജ് വര്‍ധന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വേണം. സംഘടനകള്‍ ഒരേ മനസ്സോടെയാണ് സമരം നടത്തുന്നത്. ഡീസല്‍ വില എഴുപതു രൂപയില്‍ എത്തിനില്‍ക്കുമ്പോള്‍ ഉന്നയിച്ച ആവശ്യങ്ങളുമായി ഒരു പൊരുത്തവുമില്ലാത്ത വര്‍ധവാണ് അനുവദിച്ചത്. കഴിഞ്ഞ പ്രാവശ്യം ചാര്‍ജ്ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡീസല്‍ വില 15 ആയിരുന്നു. സ്വകാര്യ ബസ്സുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വഹിക്കാന്‍ ബാധ്യതയില്ലെ എന്ന 1966 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നടപ്പിലാക്കിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കും. ഓടി നശിക്കുന്നതിനേക്കാള്‍ നല്ലത് ഓടാതെ നശിക്കുന്നതാണെന്നും വി.ജെ. സെബാസ്റ്റിയന്‍ പറഞ്ഞു.     ഇപ്പോഴത്തെ വര്‍ധനവ് യഥാര്‍ത്ഥത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടിയുള്ളതാണ്. ജനങ്ങള്‍ക്ക് ബദല്‍ യാത്രാസൗകര്യം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജനങ്ങളുടെ യാത്രാസൗകര്യം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയുമെങ്കില്‍ അത് നടക്കട്ടെ. വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യ പരിധി കഴിഞ്ഞ നോട്ടിഫിക്കേഷന്‍ വഴി എടുത്തുകളഞ്ഞു. നേരത്തെ ഇത്  24 വയസ്സായിരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിലവര്‍ധിപ്പിക്കുന്നതിന് ഒരു പ്രതികരണവുമില്ല. എല്ലാ ബാധ്യതകളും സ്വകാര്യ ബസ്സുകളെ ആശ്രയിച്ചാണോ നിലനില്‍ക്കുന്നതെന്നും സംഘടനാ ഭാരവാഹികള്‍ ചോദിച്ചു. ജനങ്ങള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയാണ് മന്ത്രിയെന്നും ഇവര്‍ കുറ്റപ്പെടുത്തി.

error: Content is protected !!