ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍

വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. യൂ ട്യൂബില്‍ നിന്നും ഗാനം പിന്‍വലിക്കും. പാട്ടിനെതിരെ ഹൈദരാബാദില ഒരു സംഘം പരാതി നല്‍കിയിരുന്നു.

രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ പ്രണയഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്.

ചിത്രത്തിലെ മാണിക്യമലരായ പൂവി…. എന്ന ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്ന് യുവാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഇതിലെ പ്രവാചക വിരുദ്ധത വ്യക്തമായെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്.

യുവസംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും ഇപ്പോള്‍ വിവാദത്തിലുമായിരിക്കുന്നത്. പി.എം.എ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ ഗാനം ഷാന്‍-വിനീത് ടീം പുതിയ ഈണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്.

error: Content is protected !!