ഗൗരി നേഹയുടെ മരണം; ട്രിനിറ്റി സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്

ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരി നേഹയുടെ മരണത്തിന് കാരണക്കാരായ അധ്യാപികമാരെ ആഘോഷത്തോടെ തിരിച്ചെടുത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കൊല്ലം ട്രിനിറ്റി സ്‌കൂള്‍ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ്. അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കി. ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാരെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമായും ആഘോഷമായിട്ടായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ സ്വീകരിച്ചത്.

ഈ നടപടിയ്‌ക്കെതിരെ വിദ്യഭ്യാസവകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടി.അധ്യാപികമാരെ തിരിച്ചെടുത്തപ്പോള്‍ മധുരം നല്‍കിയും, പുഷ്പം നല്‍കിയും സ്വീകരിച്ചത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചെന്നും ഇത് പ്രചരിപ്പിച്ചത് മൂലം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടിയില്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷനും ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കുമെന്ന കാര്യം അറിയിച്ചു.

കേസില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒരേ കുറ്റത്തിന് ഒരാളെ രണ്ട് തവണ ശിക്ഷിക്കാനാകില്ല. അതിനാല്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!