ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നിയമനത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

റെയില്‍വേ മന്ത്രാലയത്തില്‍ ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമനനടപടികള്‍ ആരംഭിച്ചെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. അസി.ലോക്കോ പൈലറ്റ്,ടെക്‌നീഷ്യന്‍സ്,ഗ്യാംഗ്‌മെന്‍, സ്വിച്ച്‌മെന്‍, ട്രാക്ക് മെന്‍, ക്യാബിന്‍മെന്‍,വെല്‍ഡര്‍, ഹെല്‍പ്പേഴ്‌സ്, പോട്ടര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലായാണ് ഇത്രയും പേരെ നിയമിക്കുന്നത്. ഗ്രൂപ്പ് ഡി വിഭാഗത്തില്‍ മാത്രം 62,907 പേരുടെ ഒഴിവുകളുണ്ടെന്നാണ് കണക്ക്.

പത്ത് ക്ലാസ്സോ, ഐടിഐ ഡിപ്ലോമയോ ഉള്ളവരെയാണ് ഗ്രൂപ്പ് ഡി വിഭാഗത്തിലുള്ള ജോലികള്‍ക്ക് പരിഗണിക്കുന്നത്. 18,0000 രൂപയും മറ്റു അലവന്‍സുകളും അടങ്ങിയതാണ് ഇവരുടെ പ്രതിമാസ വേതനം. 18-നും 31-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ജാതി അടിസ്ഥാനത്തില്‍ പ്രായപരിധിക്ക് ഇളവുണ്ടാവും. ഗ്രൂപ്പ് സി വിഭാഗത്തില്‍ ലോക്കോ പൈലറ്റിന്റേയും ടെക്‌നീഷ്യന്‍മാരുടേയും 26,502 പോസ്റ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. റെയില്‍വേയിലേക്കുള്ള എല്ലാ നിയമനങ്ങളും നടത്തുന്നത് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ്. പരീക്ഷയെഴുത്താന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 12 വരെ ഇതിനായി അപേക്ഷിക്കാം.

അതേസമയം ഇത്രയേറെ പേരെ നിയമിച്ചാലും റെയില്‍വേയില്‍ ഇനിയും ആയിരക്കണക്കിന് പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നത്. തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് വന്നതോടെയാണ് ഇപ്പോള്‍ അടിയന്തരമായി ഇത്രയും പോസ്റ്റുകളിലേക്ക് ആളുകളെ നിയമിക്കുന്നത്. ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്റുകളിലേക്കാണ്. വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവുകള്‍ നികത്തിയാല്‍ പ്രതിവര്‍ഷം 3,000-4000 കോടി രൂപ വരെ റെയില്‍വേയ്ക്ക് അധികചിലവ് വരുമെന്നാണ് കണക്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 56,000 പേരാണ് റെയില്‍വേയില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി നിയമനങ്ങള്‍ റെയില്‍വേയില്‍ നടക്കുന്നില്ല. ഒന്നരലക്ഷത്തോളം ഒഴിവുകള്‍ റെയില്‍വേയുടെ സുരക്ഷാവിഭാഗത്തില്‍ തന്നെയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

error: Content is protected !!