ആരോഗ്യസുരക്ഷയ്ക്കായി വമ്പന്‍ പദ്ധതിയുമായി കേന്ദ്ര ബജറ്റ്

ബിജെപി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ആരോഗ്യസുരക്ഷയ്ക്കായി വമ്പന്‍ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി എന്ന പ്രഖ്യാപനത്തോടെ, രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ചികിൽസയ്ക്കായി ഒരു കുടുംബത്തിന് ഇൻഷുറൻസ് പദ്ധതിയിൽപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെ വരെ സഹായം നൽകും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി ആളുകൾക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്.

രാജ്യവ്യാപകമായി സര്‍ക്കാര്‍ ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ക്കുമായി ഒരു മെഡിക്കല്‍ കോളജ് എന്ന നിലയിലേക്ക് ഉയര്‍ത്തും.

പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ ആരംഭിക്കും. പാവപ്പെട്ട എല്ലാ കുടുംബങ്ങളെയും അപകട ഇന്‍ഷുറസിന്റെ പരിധിയില്‍ കൊണ്ടുവരും. ഉത്തര്‍പ്രദേശില്‍ 24 മെഡിക്കല്‍കോളേജുകള്‍ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റിൽ, ഉജ്വല യോജനയിൽ ഉൾപ്പെടുത്തി രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. നാലു കോടി വീടുകളിൽ സൗജന്യ വൈദ്യുതി കണക്ഷൻ എത്തിക്കും. 2018നകം 9000 കിലോമീറ്റർ ദേശീയ പാതാ വികസനം പൂർത്തിയാക്കും. 99 നഗരങ്ങൾ കൂടി സ്മാർട്ട് സിറ്റികളാക്കി വികസിപ്പിക്കും.

error: Content is protected !!