മാണിയുണ്ടെങ്കില്‍ താനില്ല; കെ.എം.മാണി പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി വി.എസ്

കെഎം മാണിയെ മുന്നണിയിലെടുകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തീരുന്നില്ല. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന സെമിനാറില്‍ നിന്നും വി.എസ്.അച്യുതാനന്ദന്‍ പിന്മാറി. കെ.എം.മാണി പങ്കെടുക്കുന്ന സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് വി എസ് പിന്മാറിയത്. കെ.എം.മാണിയെ ഇടതു മുന്നണിയിലേക്ക് എടുക്കുന്ന കാര്യം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആലോചിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിഎസ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാണി പങ്കെടുക്കുന്ന സെമിനാറില്‍ നിന്നുമുള്ള പിന്മാറ്റം.

കേരളം, ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലെ സെമിനാറിലാണ് കെ.എം മാണി പങ്കെടുക്കുന്നത്. ഇടത് മുന്നണിയിലേക്കുള്ള മാണിയുടെ വരവിനെ ശക്തമായി എതിര്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യം വിതരണം ചെയ്ത കാര്യപരിപാടിയില്‍ അധ്യക്ഷ സ്ഥാനത്ത് വിഎസിന്റെ പേരായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഉദ്ഘാടന പരിപാടിക്കിടെ വിതരണം ചെയ്ത കാര്യപരിപാടിയുടെ നോട്ടീസില്‍ വിഎസിന്റെ പേരില്ല. ശനിയാഴ്ച നടക്കുന്ന ‘നവലിബറല്‍’ നയങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന സെമിനാറില്‍ വിഎസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

മാണിയെ മുന്നണിയിലെടുക്കുന്നതില്‍ നേരത്തെ തന്നെ വി.എസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇടതുനയത്തിന് വിരുദ്ധമായി അഴിമതിക്കാരനായ മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് ദേശീയതലത്തിലുള്ള ഇടത് ഐക്യം ദുര്‍ബലപ്പെടുത്തുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ ശകതമായ നിലപാടുമായി മുന്നോട്ട പോകാനുള്ള നീക്കത്തിലാണ് വി എസ്.

error: Content is protected !!