ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയിട്ടില്ല ; പിഎസ് ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ എന്‍ഡിഎയില്‍ ചേരിതിരിവ്‌ രൂക്ഷം.ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പിഎസ് ശ്രീധരന്‍പിള്ള. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിസ്മയം തീര്‍ത്ത മണ്ഡലത്തില്‍ ഇത്തവണ ബിജെപി ജയിച്ചു കയറും. സ്ഥാനാര്‍ത്ഥി നിര്‍ണയം ,മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമായിരിക്കും.

എന്‍എസ്എസ്സിനും സഭാ നേതൃത്വത്തിനും കൃത്യമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പിഎസ് ശ്രീധരന്‍പിള്ളയായിരിക്കും കൂടുതല്‍ സ്വീകാര്യന്‍. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയത് ആറായിരം വോട്ട് മാത്രം. എന്നാല്‍ 2016 ല്‍ വോട്ട്, 43000 ല്‍ എത്തിച്ചത് പിഎസ് ശ്രീധരന്‍പിള്ളയായിരുന്നു.

ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ് വന്നതുമുതല്‍ ബിജെപി ക്യാമ്പില്‍ ഉയര്‍ന്നു കേട്ടിരുന്ന പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. തൊട്ടു പുറകേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരും എംടി രമേശിന്റെ പേരും, ചില ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു. അതിനെ തുടര്‍ന്നാണ് പിഎസ് ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന വാര്‍ത്ത പ്രചരിച്ചതും. എന്നാല്‍ ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തി താനാണ് ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ യോഗ്യനെന്ന് ശ്രീധരന്‍പിള്ള പറഞ്ഞുവെക്കുകയാണ്. 2016 ല്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ടായ നേട്ടം ആരും കാണാതെ പോകരുതെന്നാണ് ശ്രീധരന്‍പിള്ളയുടെ ഓര്‍മ്മപ്പെടുത്തല്‍. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും പവര്‍ പൊളിറ്റിക്സിലല്ല തന്റെ താത്പര്യം എന്നും ഈ നേതാവ് പറയുമ്പോഴും ചെങ്ങന്നൂരില്‍ തന്നെയാണ് ശ്രീധരന്‍ പിള്ളയുടെ മനസ്സെന്ന് വ്യക്തം.

error: Content is protected !!