ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികളെല്ലാം തിരക്കിട്ട ഒരുക്കത്തിലാണ്. എന്നാല്‍ എന്‍ഡിഎയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൈവിട്ടു പോകുമോ എന്ന സംശയത്തിലാണ് മുന്നണി. തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ബിഡിജെഎസ് സൂചന നല്‍കിയതോടെയാണ് എന്‍ഡിഎ പ്രതിസന്ധിയിലയിരിക്കുന്നത്. ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ കൂടിയായ തുഷാര്‍ പറഞ്ഞു.

എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ അതിരൂക്ഷമായ പരസ്യ പ്രതികരണമാണ് നടത്തുന്നത്. എന്നാല്‍ അപ്പോഴെല്ലാം മൗനം പാലിച്ച തുഷാര്‍ വെള്ളാപ്പളളി മുന്നണി ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ തുറന്നു കാട്ടി രംഗത്തെത്തുന്നത് ഇതാദ്യമായാണ്.

ചെങ്ങന്നൂരില്‍ ഇത്തവണ ബിജെപിക്ക് വോട്ട് കുറയും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചതില്‍ പകുതി വോട്ടുകളും ബിഡിജെഎസിന്റേതായിരുന്നു. ഇത്തവണ എന്‍ഡിഎയിലെ മുന്നണിബന്ധം ശക്തമല്ലെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.

എന്‍ഡിഎയോട് ബിഡിജെഎസ് സീറ്റ് ആവശ്യപ്പെടില്ല. ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ആലപ്പുഴ ജില്ലാക്കമ്മറ്റിക്കും ഇതേവികാരമാണ് ഉള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന കമ്മറ്റി കൈക്കൊള്ളും.
ബിഡിജെഎസ് തനിച്ച് മത്സരിക്കുമെന്ന സൂചനയാണ് തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നത്. റിപ്പോര്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് തുഷാര്‍ ഭിന്നത വ്യക്തമാക്കിയത്.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറായിരം വോട്ടുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടുകളാണ് ലഭിച്ചത്. ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ചെങ്ങന്നൂര്‍.
ഇത്തവണയും പിഎസ് ശ്രീധരന്‍പിളളയെ ഇറക്കി ഒരു അട്ടിമറി വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാല്‍ മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള ബിഡിജെഎസിന്റെ ഇടഞ്ഞ് നില്‍പ്പ് ബിജെപി മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തും.

error: Content is protected !!