രാജസ്ഥാനില്‍ കിട്ടിയ വോട്ടുകള്‍ വിരലിലെണ്ണി ബിജെപി

രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറുന്നു. രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റത് വന്‍ മാര്‍ജിനില്‍. ഈ തോല്‍വിയുടെ ആഘാതം വിട്ടുമാറുന്നതിന് മുമ്പ് അടുത്ത പ്രഹരം കിട്ടിയിരിക്കുകയാണ് ബിജെപിക്ക്. തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ തങ്ങളുടെ വോട്ടിന്റെ ബൂത്തുതല കണക്കാണ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരു ബൂത്തില്‍ ബിജെപിക്ക് ഒരു വോട്ടുമില്ല, മറ്റൊരു ബൂത്തില്‍ കിട്ടിയത് ഒരു വോട്ട്, വേറൊരിടത്ത് രണ്ട് വോട്ട്. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരിടത്ത് പോലും മുന്നിലെത്താന്‍ ബിജെപ്പിക്കായില്ല.

ഏഴു മാസത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകൾ. രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും, വിമത സ്ഥാനാർഥിയുണ്ടായിട്ടും ഒരു നിയമസഭാ മണ്ഡലത്തിലും കോൺഗ്രസിനായിരുന്നു ഉജ്വല വിജയം. മൂന്നിടത്തും പിടിച്ചെടുത്തതു ബിജെപിയുടെ സിറ്റിങ് സീറ്റുകൾ.

ഉപതിരഞ്ഞെടുപ്പിന്റെ സൂക്ഷ്മ അവലോകനത്തിലാണു ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തായത്. കോൺഗ്രസിന്റെ വിജയവും തങ്ങളുടെ തോൽവിയും തമ്മിൽ ഇത്ര അന്തരമുണ്ടാകുമെന്നു കരുതിയില്ലെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. നസീറാബാദ് നിയമസഭാ മണ്ഡലത്തിലെ 223–ാം നമ്പർ ബൂത്തിൽ ബിജെപി സ്ഥാനാർഥിക്കു കിട്ടിയത് വെറും ഒരു വോട്ട്. കോൺഗ്രസിന് 582. ബൂത്ത് 224 ൽ ബിജെപി രണ്ടു വോട്ടു നേടി നില ‘മെച്ചപ്പെടുത്തി’യപ്പോൾ കോൺഗ്രസിന് 500.

ദുധു നിയമസഭാ മണ്ഡലത്തിൽ കാര്യങ്ങൾ ഇതിനേക്കാൾ കഷ്ടമാണ്. 49–ാം ബൂത്തിൽ ഭരണകക്ഷിക്ക് ഒരു വോട്ടു പോലും നേടാനായില്ല. കോൺഗ്രസിന് ഇവിടെ 337 വോട്ടുണ്ട്. ബിജെപിയുടെ ഇല‍ക്‌ഷൻ ഏജന്റുമാർ പോലും പാർട്ടിക്കു വോട്ടുചെയ്തില്ലെന്നതാണു സത്യം.

അൽവർ ലോക്സഭാ സീറ്റിൽ കോൺഗ്രസിന്റെ ഡോ. കരൺസിങ് യാദവ് 1,96,496 വോട്ടുകൾക്കാണു സംസ്ഥാന തൊഴിൽമന്ത്രിയായ ബിജെപി സ്ഥാനാർഥി ഡോ.ജസ്വന്ത് സിങ് യാദവിനെ കീഴടക്കിയത്. കോൺഗ്രസ് സ്ഥാനാർഥിക്ക് 6,42,416 വോട്ടു ലഭിച്ചപ്പോൾ ബിജെപി 4,45,920 വോട്ടുകൾ നേടി. 2014 ൽ ബിജെപി 2.5 ലക്ഷം വോട്ടിനു ജയിച്ച മണ്ഡലമാണിത്. രണ്ടു ലക്ഷത്തോളം വോട്ടുകളാണ് ഉപതിരഞ്ഞെടുപ്പിൽ ഒലിച്ചുപോയത്.

അജ്മേർ ലോക്സഭാ സീറ്റിൽ കോൺഗ്രസിന്റെ രഘു ശർമ 84,414 വോട്ടുകൾക്കു ബിജെപിയുടെ രാംസ്വരൂപ് ലാംബയെ കീഴടക്കി. രഘു ശർമ 6,11,514 വോട്ടുകളും രാംസ്വരൂപ് 5,27,100 വോട്ടുകളും നേടി. മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ വിവേക് ധക്കർ, ബിജെപിയുടെ ശക്തിസിങ് ഹഡയെ 12,976 വോട്ടുകൾക്കാണു തോൽപിച്ചത്.

മോദി തരംഗത്തിൽ 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിറ്റേ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെട്ട കോൺഗ്രസിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടുന്നതാണു വിജയം. ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് ശക്തമായി തുടരുന്നതിന്റെ സൂചനകളാണിതെന്നാണു കരുതുന്നത്. പക്ഷേ, ഭരണകക്ഷിയായ ബിജെപിയുടെ നില പരുങ്ങലിലാണെന്നു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.

വിവിധ സാമുദായിക വിഭാഗങ്ങൾക്കു മുഖ്യമന്ത്രി വസുന്ധര രാജെയോടുള്ള അതൃപ്തി, കാർഷികമേഖലയിലെ പ്രതിസന്ധി, നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള നടപടികൾ മൂലം പ്രതിസന്ധിയിലായ വ്യാപാര–വാണിജ്യ മേഖല എന്നിവയൊക്കെ പരാജയത്തിന് കാരണമായെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

error: Content is protected !!