ബിനീഷ് കോടിയേരി യു.എ. ഇയില്‍ പിടികിട്ടാപ്പുള്ളി

ബിനോയ്‌ കോടിയേരിയുടെ തട്ടിപ്പ് കേസിന് പിന്നാലെ അനുജന്‍ ബിനീഷ് കോടിയേരിയുടെ തട്ടിപ്പ് കേസും പുറത്ത്. ദുബായ് പൊലീസിന്റെ രേഖപ്രകാരം ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നുള്ള ക്രിമിനല്‍ കേസില്‍ ദുബായ് കോടതി രണ്ടു മാസം ജയില്‍ശിക്ഷ വിധിച്ചതിനാല്‍ ബിനീഷ് യുഎഇയിലെത്തിയാല്‍ അറസ്റ്റിലാകും.

പത്തുലക്ഷം ദിര്‍ഹത്തിന്റെ (1.74 കോടി ഇന്ത്യന്‍ രൂപ) ചെക്ക് കേസുമായി ബന്ധപ്പെട്ടു കോടിയേരിയുടെ മൂത്തമകന്‍ ബിനോയിക്കു യാത്രാവിലക്കുണ്ടായതിനു പിന്നാലെയാണു ബിനീഷിനെതിരെ മുന്‍പുണ്ടായ വിധിയുടെ വിവരങ്ങളും പുറത്തുവന്നത്. ഇതോടെ, ബിനോയിക്കു യുഎഇയില്‍നിന്നു പുറത്തുകടക്കാന്‍ കഴിയാത്ത യാത്രാവിലക്ക്; ബിനീഷിനു യുഎഇയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് എന്ന സാഹചര്യമായി. ബിനീഷിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ബാങ്ക്വായ്പ ലഭിക്കില്ല.

സൗദി അറേബ്യയിലെ സാംബാ ഫിനാന്‍സിയേഴ്‌സിന്റെ ദുബായ് ശാഖയില്‍ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ കഴിഞ്ഞ ഡിസംബര്‍ 10നാണു ദുബായ് കോടതി ബിനീഷിന്റെ അസാന്നിധ്യത്തില്‍ ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാല്‍ ഇബ്രാഹിം നല്‍കിയ പരാതിയില്‍ ബര്‍ദുബായ് പൊലീസ് 2015 ഓഗസ്റ്റ് ആറിനാണു കേസ് റജിസ്റ്റര്‍ ചെയ്തത്. പണം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനാണെന്നായിരുന്നു റിക്കവറി ഏജന്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്.

error: Content is protected !!