എഐഡിഎംകെയുമായി ഉപാധികളോടെ സഹകരിക്കാമെന്ന് ദിനകരന്‍

എഐഡിഎംകെയുമായി ഉപാധികളോടെ യോജിപ്പിന് തയ്യാറെന്ന് വിമതനേതാവും എംഎല്‍എയുമായ ടിടിവി ദിനകരന്‍. തമിഴ്‌നാട് മന്ത്രിസഭയിലെ
നിലവിലെ ആറുമന്ത്രിമാരെ നീക്കാനും വിമതപക്ഷത്തെ 18 എം.എല്‍.എ.മാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കാനും തയ്യാറാണെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുമായി യോജിക്കാന്‍ തയ്യാറാണെന്നാണ് ടിടിവി ദിനകരന്‍ വ്യക്തമാക്കിയത്.

എഐഡിഎംകെയിലെ ശശികല പക്ഷത്തിലെ പ്രധാനിയാണ് ടിടിവി ദിനകരന്‍. ജയലളിത മരണപ്പെട്ടതിന് ശേഷമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍
ശശികലയ്ക്ക് പ്രതികൂലമായി വന്നതോടെയാണ് ദിനകരന്‍ പാര്‍ട്ടിയുമായി തെറ്റിയതും പരസ്യ പ്രതികണങ്ങളിലേക്ക് നീങ്ങിയതും. സംസ്ഥാനതല പര്യടനത്തിന്റെ ഭാഗമായി തഞ്ചാവൂരില്‍ കതിരമംഗലത്ത് നടന്ന പൊതുയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുമന്ത്രിമാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് മറുപടിപറയാനും ദിനകരന്‍ വിസ്സമതിച്ചു.

എ.ഐ.എ.ഡി.എം.കെ.യില്‍ ശശികലപക്ഷത്തിന് ആധിപത്യം ഉറപ്പിക്കാന്‍ ദിനകരന്‍ ശ്രമം നടത്തിവരികയാണ്. ഇതിനായി എം.എല്‍.എ.മാരുമായി കൂട്ടായും ഒറ്റയ്ക്കും ദിനകരന്‍ ചര്‍ച്ചനടത്തുന്നുണ്ട്. എന്നാല്‍ ദിനകരന്റെ ഡിമാന്‍ഡ് എടപ്പാടി കെ പളനിസ്വാമിയും, ഒ പനീര്‍ശെല്‍വവും മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയില്ല.

error: Content is protected !!