ഇത് പരീക്ഷാക്കാലം; മോദിയുടെ പ്രസംഗം ക്യാമ്പസുകളില്‍ കേള്‍പ്പിക്കാനാവില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം സ്‌കൂളുകളിലും കോളേജുകളിലും സംപ്രേക്ഷണം ചെയ്യണമെന്ന യുജിസിയുടെ നിര്‍ദ്ദേശത്തെ തള്ളി ബംഗാള്‍ സര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ തല്‍ക്കതോറ സ്‌റ്റേഡിയത്തില്‍ മോദി വിദ്യാര്‍ത്ഥകളെ അഭിസംബോധന ചെയ്യുന്നത് തത്സമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷ നടക്കുന്നതിനാല്‍ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ കഴിയില്ലയെന്നാണ് വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചത്. പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടയില്‍ പ്രസംഗം കേള്‍ക്കാന്‍ കുട്ടികളാരും തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. മോദിയുടെ പ്രസംഗം കേള്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കണമെന്ന് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. പരീക്ഷയില്‍ എങ്ങനെ സ്‌ട്രെസ് കുറക്കാം എന്ന വിഷയത്തിലാണ് മോദി പ്രഭാഷണം നടത്തുക.

മോദിയുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുന്‍പ് യുജിസി ആവശ്യപ്പെട്ടപ്പോഴും ബംഗാള്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിനോട് കൂടിയാലോചിക്കാതെ കേന്ദ്രസര്‍ക്കാരിന് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്.

error: Content is protected !!