മധുവിന്‍റെ മരണം; ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇന്ന് അട്ടപ്പാടിയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു. ഇന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ കുടുംബത്തെ കാണും.

മധുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന രണ്ട് ജീപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൊറന്‍സിക് വിഭാഗത്തിന്‍റെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവുകള്‍ ശേഖരിക്കുക ആണ് ഉദ്ദേശം. വിരലടയാള വിദഗ്ദ്ധരുടെയും സഹായം തേടും. മധുവിനെ പിടികൂടി ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഫോണുകളില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഉണ്ടാകാം എന്നാണ് നിഗമനം.

ഇതിനായി പ്രതികളുടെ ഫോണുകള്‍ ശാസ്ത്രീയമായി പരിശോധിക്കും. അതേസമയം മധുവിന്‍റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ പാലക്കാട്ടെത്തി. രാവിലെ അട്ടപ്പാടിയിലെത്തി മധുവിന്‍റെ അമ്മയെയും കുടുംബത്തെയും കാണും എന്ന് കമ്മീഷന്‍ നന്ദകുമാര്‍ സായ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്‍ ഇന്ന് മധുവിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും. റിമാന്‍ഡിലുള്ള പ്രതികള്‍ക്കായി ബുധനാഴ്ച , പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

error: Content is protected !!