ശ്രീദേവിയുടെ മരണം; മൃതദേഹം കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം

ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും,ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തവിട്ടെങ്കിലും മരണത്തില്‍ സംശയങ്ങള്‍ തീരുന്നില്ലെന്നാണ് റിപ്പോര‍ട്ട്. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിച്ച സാഹചര്യത്തിലാണ് മൃതദേഹം വിട്ടുനല്‍കാന്‍ താമസം വന്നിരിക്കുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു.

അപകട മരണമായത് കൊണ്ട് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് സാധ്യതയെന്നാണ് സൂചന. ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം.

മരണസമയത്ത് ബോണി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞു. അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്. പ്രോസിക്യൂഷന്‍റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല. നേരത്തെ ഒമാനില്‍ മലയാളി നഴ്സായ ചിക്കുറോബര്‍ട്ടിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ മൃതദേഹം കയറ്റിവിട്ടെങ്കിലും ഭര്‍ത്താവ് ആറുമാസം പോലീസ് കസ്റ്റഡിയിലായിരുന്നു.

അതേസയം ദുബായി പോലീസ് ഹെഡ്കോര്‍ട്ടേര്‍സില്‍ ശ്രീദേവിയുടെ പോസ്റ്റുമേര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാലുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം രാത്രി ഏറെവൈകി അടിയന്തരയോഗം ചേര്‍ന്നു. പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള അനുമതിപത്രം ഫോറന്‍സിക് ലാബിന് കൈമാറും. തുടര്‍ന്ന് എംബാമിംഗ് ചെയ്യും. ഇതൊക്കെ സാധരണ ഗതിയില്‍ നടന്നാല്‍ തന്നെയും ഉച്ചകഴിഞ്ഞേ മൃതദേഹം മുബൈയിലെത്തിക്കാന്‍ കഴിയൂ.

error: Content is protected !!