മധുവിന്‍റെ കൊലപാതകം ഏഴ് പേരെ കസ്റ്റഡിയിലെടുത്തു

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഹുസൈൻ, അബ്ദുൾ കരീം, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ള മൂന്ന് പേർ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ സഹായിയാണ് ഉബൈദ്. കൊല്ലപ്പെട്ട മധുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ നടക്കും. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അഗളി സി ഐ പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. മോഷണ ശ്രമം ആരോപിച്ച് ഇന്നലെയാണ് അട്ടപ്പാടി മുക്കാളിയില്‍ 27കാരനായ മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്.

മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മര്‍ദ്ദനത്തില്‍ അവശനായ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അവശനായ മധുവിനെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്ത സെല്‍ഫികളും ഇക്കൂട്ടത്തിലുണ്ട്. ക്രൂര മര്‍ദ്ദനത്തിന് ശേഷം നാട്ടുകാര്‍ മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിമധ്യേ പൊലീസ് വാഹനത്തില്‍ തന്നെ ആദിവാസി യുവാവ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനത്തില്‍ താമസിക്കുന്ന മധു മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം പുറത്തു വന്ന ചിത്രങ്ങളിലുള്ളവര്‍ക്ക് എന്‍ ഷംസുദ്ദീന്‍ഡ എംഎല്‍എയുമായി അടുത്ത ബന്ധമുള്ളവരാണെന്ന വിവരം പുറത്തു വരുന്നുണ്ട്. പാര്‍ട്ടി സമ്മേളന തിരക്കിലായിരുന്നതിനാല്‍ സ്ഥലം എംപി എംബി രാജേഷ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

error: Content is protected !!