മധുവിന്‍റെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം എടുക്കാന്‍ സമ്മതിക്കില്ലെന്ന് മധുവിന്റെ അമ്മ

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് മധുവിന്റെ അമ്മയും ബന്ധുക്കളും. നാട്ടുകാരാണ് മധുവിനെ മര്‍ദ്ദിച്ച് കൊന്നതെന്ന് രാവിലെ മധുവിന്റെ അമ്മ പറഞ്ഞു. സ്ഥലത്തെ ഡ്രൈവര്‍മാരാണ് ഇത് ചെയ്തതെന്നും അമ്മ മല്ലി പറഞ്ഞു. സംഭവത്തില്‍ അതിശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാത്ത തരത്തിലുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മധുവിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ആര്‍.ഡി.ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. എന്നാല്‍ കൊലപാതകികളെ പിടികൂടാതെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ ബന്ധുക്കള്‍.
ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!