അമിത് ഷായുടെ ബൈക്ക് റാലിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നോട്ടീസ്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന ജിന്ദ് റാലിക്ക് മുന്നോടിയായി കേന്ദ്ര ഗവണ്‍മെന്റിനും ഹരിയാന സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ ഹരിത ട്രിബ്യൂണല്‍ നോട്ടീസ് പുറപ്പെടുവിച്ചത്. അമിത് ഷാ പങ്കെടുക്കുന്ന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബൈക്ക് റാലി വന്‍ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും എന്ന് കാണിച്ചാണ് നോട്ടീസ്. ഏകദേശം ഒരു ലക്ഷത്തോളം ബൈക്കുകളാണ് റാലിയില്‍ പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 15 നാണ് അമിത് ഷാ പങ്കെടുക്കുന്ന റാലി. 13-ാം തീയതിയ്ക്ക്‌ മുമ്പ് നോട്ടീസിന് മറുപടി അയക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. റാലിയില്‍ നിരവധി ബൈക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം ക്രമാതീതമായി വര്‍ധിക്കും എന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിക്ടര്‍ ദിസ്സ നല്‍കിയ ഹര്‍ജിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. റാലിയില്‍ പങ്കെടുപ്പിക്കുന്ന ബൈക്കുകള്‍ പുക പരിശോധനയ്ക്ക്‌ വിധേയമാക്കണമെന്നും ബൈക്കുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ബൈക്കുകള്‍ക്ക് പകരം സൈക്കിളുകള്‍ ഉപയോഗിക്കാനുള്ള നിര്‍ദേശവും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അത് പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷകരമാവില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അമിത് ഷായുടെ ജിന്ദ് സന്ദര്‍ശനത്തെയും റാലിയെയും എതിര്‍ത്ത് കൊണ്ട് ഹരിയാനയിലെ ജാട്ട് സമുദായാംഗങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 150 ഓളം സിഎപിഎഫ് കമ്പനികളെയാണ് ഹരിയാന സര്‍ക്കാര്‍ പ്രദേശത്ത് വിന്യസിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ എതിര്‍ത്താലും ബൈക്ക് റാലി തടസ്സപ്പെടുത്തുമെന്ന് അഖില ഭാരതീയ ജാട്ട് ആകര്‍ഷന്‍ സംഘര്‍ഷ് സമിതി അറിയിച്ചിട്ടുണ്ട്.

You may have missed

error: Content is protected !!