ശ്രീദേവിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു

ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്കാര ചടങ്ങുകള്‍ക്കായാണ് സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്.

ഒട്ടേറെ താരങ്ങളും ആരാധകരുമാണ് പ്രിയ താരത്തെ അവസാനമായി ഒന്നു കാണാൻ എത്തിയത്. സ്പോർട്സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു. എത്തിയവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. പൊതുദർശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങൾ കാത്തുന്നിന്നു. തങ്ങളുടെ പ്രിയ താരത്തോടുള്ള സ്നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു ജനപ്രവാഹം.

വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. 3.30 ഓടെയാകും അന്ത്യകര്‍മ്മങ്ങള്‍ നടക്കുക. ബോണി കപൂറിന്‍റെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അടക്കമുള്ളവര്‍ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പമുണ്ട്.

ശ്രീദേവിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡില്‍നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിലേക്ക് എത്തിയത്. വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ താരത്തിന്റെ മൃതദേഹം മുംബൈയിലെത്തിച്ചത്. ഇന്ത്യന്‍ സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്‍ജനക്കൂട്ടമാണെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തിചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി.

error: Content is protected !!