പണമുള്ളവര്‍ രക്ഷപ്പെടുന്നു പെട്ടത് ഞാന്‍ മാത്രമെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ പണമുള്ളവര്‍ രക്ഷപ്പെടുന്നുവെന്ന് പള്‍സര്‍ സുനി. പ്രതിയെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവന്ന വേളയിലാണ് ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നീതിപൂര്‍വമായ വിചാരണ കേസില്‍ നടക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സുനി ഇത് പറഞ്ഞത്. കേസില്‍ നിന്ന് പണമുള്ളവര്‍ രക്ഷപ്പെടും. ഞാന്‍ മാത്രം കേസില്‍ അകപ്പെട്ടത് കണ്ടില്ലേയെന്നും സുനി പ്രതികരിച്ചു

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും ഉത്തരവായിട്ടുണ്ട്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ പാടില്ലെന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് കോടതിയുടെ നടപടി.

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവ സ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

error: Content is protected !!