ജസ്റ്റിസ്‌ ലോയ കേസ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

സൊഹ്‌റാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും. എന്‍ഐഎ, സിബിഐ ഉദ്യോഗസ്ഥരല്ലാത്തവരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയുന്ന ദേശീയ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കമെന്നാണ് വിവരം.

ലോയയുടെ മരണത്തിന് മുന്‍പും പിന്‍പുമുള്ള സാഹചര്യങ്ങള്‍ ദുരൂഹമാണെന്ന് തെളിവുകള്‍ സഹിതം കഴിഞ്ഞയാഴ്ച്ച കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. മരിച്ച നിലയില്‍ കാണപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ജഡ്ജ് ലോയയ്ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ പിന്‍വലിച്ചു. മുംബൈയില്‍ നിന്നും ലോയ നാഗ്പൂരിലേക്ക് യാത്ര ചെയ്തതിന് തെളിവില്ല. ലോയയുടെ ആന്തരിക അവയവ പരിശോധന ഫലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടികയുണ്ടായി. ജസ്റ്റിസ് ബിഎച്ച് ലോയ വാദം കേട്ടിരുന്ന സൊഹ്‌റാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ കോടതിയില്‍ ഹാജരാകാതിരുന്നതിനെ ജസ്റ്റിസ് ലോയ നിശിതമായി വിമര്‍ശിച്ചിരുന്നു.

കോടതിയില്‍ ഹാജരാകാന്‍ തയാറാകാതെ അമിത് ഷാ, മഹാരാഷ്ട്രയിലെ പുതിയ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തതിനെ നിശിതമായാണ് ജസ്റ്റിസ് ലോയയുടെ ബെഞ്ച് വിമര്‍ശിച്ചത്. 2014 ഒക്ടോബര്‍ 31ന് അമിത് ഷാ ഹാജരാകണമെന്നും ജസ്റ്റിസ് ലോയ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ആര്‍എസ്എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിന് പോയ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.

error: Content is protected !!