നരേന്ദ്ര മോഡിയുടെ ഭാര്യയ്ക്ക് കാറപകടത്തില്‍ പരിക്ക്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തില്‍ പരിക്കേറ്റു. അപകടത്തില്‍ യശോധാ ബെന്നിന്നൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചു. രാജസ്ഥാനിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യശോധാ ബെന്നിനെ ചിറ്റോര്‍ഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യശോദാ ബെന്നിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ബാരന്‍ ജില്ലയിലെ കോട്ട ചിറ്റൂര്‍ ഹൈവേയിലായിരുന്നു അപകടം. ബാരനിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങിവരും വഴിയാണ് അപകടം.

നാലര പതിറ്റാണ്ട് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യശോദ ബെന്നിന്‍റെ സമുദായാചാരപ്രകാരമുള്ള വിവാഹം നടന്നത്. ബാല്യത്തിലും പതിമ്മൂന്നാമത്തെ വയസ്സിലുമുള്ള ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. ഒരുമിച്ച് താമസിച്ചുതുടങ്ങാനുള്ള മൂന്നാമത്തെ ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയ്യാറെടുക്കവെയാണ് പതിനെട്ടാം വയസ്സില്‍ മോദി വീടുവിട്ടുപോയത്.

മോദിയുടെ ജന്മസ്ഥലമായ വദന്‍നഗറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മണ്‍വാദയിലെ സ്കൂള്‍ അധ്യാപിക ആയിരുന്നു യശോദ ബെന്‍. അടുത്തിടെയാണ് ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ‍ഡോദരയില്‍ നാമനിര്‍ദേശത്തോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് താന്‍ വിവാഹിതനാണെന്ന് മോദി വ്യക്തമാക്കിയത്. അതിന് മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദ്ദേശക പട്ടികയില്‍ വിവാഹിതനാണോയെന്ന കോളം നരേന്ദ്ര മോദി പൂരിപ്പിച്ചിരുന്നില്ല. സഹോദരന്‍ അശോക് മോദിയോടൊപ്പം മെഹ്സാന ജില്ലയിലെ ഉന്‍ജായിലാണ് യശോദാ ബെന്‍ താമസിക്കുന്നത്.

1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം നാമനിര്‍ദേശ പത്രികയില്‍ ബന്ധുക്കളുടെ വിവരങ്ങളും രേഖപ്പെടുത്തണം. പത്രികയിലെ കോളങ്ങള്‍ ഒഴിച്ചിട്ടാല്‍ അയോഗ്യരാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിവാഹിതനാണോയെന്ന കോളം പൂരിപ്പിക്കാതിരുന്ന നരേന്ദ്ര മോദി ഒടുവില്‍ യശോദ ബെന്‍ ഭാര്യയാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

error: Content is protected !!